ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റയുടെ വിലവർധന

പന്തളം: വെള്ളപ്പൊക്കം ദുരിതം വിതച്ച ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റയുടെ വിലവർധന. മഴയിലും വെള്ളത്തിലും വയ്ക്കോൽ നഷ്ടമായതിനൊപ്പം തീറ്റപ്പുല്ലിന് ക്ഷാമവും നേരിടുന്നതോടെ കർഷകർ പ്രതിസന്ധിയിലായി. വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത് പന്തളം നഗരസഭയുടെ പടിഞ്ഞാറ് മേഖല, കുളനട പഞ്ചായത്ത്, പന്തളം തെക്കേക്കര പഞ്ചായത്ത്, തുമ്പമൺ പഞ്ചായത്ത് മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളെയാണ്.

50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് ഒരുമാസം മുമ്പ് 1250 രൂപയായിരുന്നത് ഇപ്പോൾ 1370 രൂപയായി ഉയർന്നു. പൊതുവിപണിയിൽ കാലിത്തീറ്റക്ക് 1370 രൂപ വാങ്ങുമ്പോൾ സർക്കാർ നൽകുന്ന മിൽമ തീറ്റക്കും 1370 രൂപ തന്നെയാണ്. മുമ്പ് സബ്സിഡി നൽകിയാണ് കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്.

ഇപ്പോൾ മറ്റു മിൽമ ഉൽപന്നങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് നൽകുന്നത്. കർഷകൻ 1370 രൂപ നൽകി ഒരു ചാക്ക് മിൽമ കാലിത്തീറ്റ വാങ്ങുമ്പോൾ 100 രൂപയുടെ ഒരു കൂപ്പൺ ലഭിക്കും. പിന്നീട് അതുപയോഗിച്ച് മിൽമയുടെ ഉൽപന്നങ്ങൾ വാങ്ങാം. മാസത്തിൽ അഞ്ചും എട്ടും ചാക്ക് വാങ്ങുന്ന സാധാരണക്കാരായ കർഷകർക്ക് കൂപ്പൺ നൽകുന്നത് ഗുണം ചെയ്യുന്നില്ലെന്നും വില കുറച്ച് കാലിത്തീറ്റ നൽകുകയാണ് വേണ്ടതെന്നും കർഷകർ പറയുന്നു.

ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന കർഷകരെ കൂടാതെ ഉപജീവനത്തിന് കന്നുകാലികളെ വളർത്തുന്ന ഒട്ടേറെപ്പേരുണ്ട്. ഇവരുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ഇത്തരം ആളുകൾ പരാതി നൽകാത്തതാണ് കാരണം. ശക്തമായ കാറ്റിലും മഴയിലും ദിവസങ്ങളോളം വെള്ളം ഇറങ്ങാതെ കിടന്നതിനാൽ തീറ്റപ്പുല്ല് പൂർണമായും നശിച്ചു.

ആകെയുള്ള ആശ്വാസം തരിശുനിലങ്ങളിൽനിന്ന് ലഭിക്കുന്ന കടകലും പുല്ലുമാണ്. ഇത് ഒരു ദിവസം ചെത്തിയെടുക്കാൻ 1000 രൂപ കൂലി നൽകണം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വയ്ക്കോൽ, പുല്ല് എന്നിവ നഷ്ടമായപ്പോൾ സർക്കാർ വയ്ക്കോലും തീറ്റപ്പുല്ലും എത്തിച്ചു നൽകിയിരുന്നു. സൗജന്യമായി കാലിത്തീറ്റയും നൽകി.

കഴിഞ്ഞ കുറെ നാളുകളായി കർഷകർ ഇൻഷുറൻസിനായി നെട്ടോട്ടത്തിലാണ്. 2018ലെ പ്രളയത്തിൽ കന്നുകാലികൾ, വയ്ക്കോൽ, കാലിത്തൊഴുത്ത് എന്നിവ നഷ്ടമായ ക്ഷീരകർഷകരിൽ പലർക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചിട്ടില്ല. ഓരോ തവണ വെള്ളപ്പൊക്കം കഴിയുമ്പോഴും ഇൻഷുറൻസ് പരിരക്ഷക്കായി കർഷകർ നെട്ടോട്ടമോടുകയാണ്.

Tags:    
News Summary - Distress for dairy farmers; Increase in price of fodder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.