കോഴഞ്ചേരി: ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍പേട്ടയിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടം പുനർനിർമാണം വൈകുന്നു. 11ാം വാർഡിൽ പ്രവർത്തിച്ചിരുന്ന ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി കൂടുതല്‍ സൗകര്യത്തോടെ പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദേശീയ ആരോഗ്യ മിഷന്റെ 2023-24 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുമാസം മുമ്പാണ് പണം അനുവദിച്ച് പ്രഖ്യാപനം വന്നത്. കാലപ്പഴക്കംമൂലം ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം ഭീഷണിയായ സാഹചര്യത്തിൽ ആറുമാസമായി നാരങ്ങാനം പഞ്ചായത്ത് അതിര്‍ത്തിയിലെ വാടകക്കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് എത്താൻ ജനങ്ങൾ ബുദ്ധിമുട്ടാണ്. ചാക്കപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണ് ആരോഗ്യ ഉപകേന്ദ്രം. നിർമാണം വൈകുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണമെന്ന് ആരോപണം ഉയരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് കാട്ടൂര്‍പേട്ട ആരോഗ്യ കേന്ദ്രമെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചയില്‍ രണ്ടുദിവസം ഡോക്ടറുടെയും മറ്റു ദിവസങ്ങളില്‍ നഴ്സിന്റെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും സേവനം ലഭ്യമായിരുന്നു. കുട്ടികള്‍ക്കുള്ള പൊളിയോ വാക്സിന്, മറ്റു പ്രതിരോധ മരുന്നുകള്‍, ഗര്‍ഭിണികള്‍ക്കുള്ള അയണ്‍, ഫോളിക് ആസിഡ് മരുന്നുകള്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ അടക്കം മരുന്നുകളും ഇവിടെ നിന്ന് ലഭ്യമായിരുന്നത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.