പത്തനംതിട്ട: ഇലക്ട്രിക് വാഹനങ്ങളുടെ സർവിസ് മേഖലയിലെ നൈപുണ്യ വികസനത്തിനും തൊഴിൽ പരിശീലനത്തിനുമായി പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളുമായി ചേർന്ന് അസാപ് കേരള ആരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് ഒരുക്കുന്നത് ഏറെ തൊഴിലവസരങ്ങൾ. മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളുടെ വ്യവസായിക പങ്കാളിത്തത്തോടെയാണ് അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ മികവിന്റെ കേന്ദ്രം പ്രവർത്തിക്കുക. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ നൈപുണ്യ വികസന കേന്ദ്രമാണിത്. 78 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. പട്ടികജാതി വികസന വകുപ്പും എം.ജി, ഹീറോ ഇലക്ട്രിക് എന്നിവരുടെയും സാമ്പത്തിക സഹായത്തോടെയാണ് സെന്റർ സ്ഥാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കോഴ്സുകളാണ് തുടക്കത്തിൽ ഇവിടെ നൽകുന്നത്. പത്താം ക്ലാസ് മുതൽ ബി.ടെക് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളാണിവ. കൂടാതെ നിലവിൽ പരമ്പരാഗത വാഹന അറ്റക്കുറ്റപ്പണി ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും സർവിസിങുമായി ബന്ധപ്പെട്ട പുതിയ നൈപുണികൾ നേടിയെടുക്കാനും കോഴ്സുകൾ സഹായകമാകും. അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ലാബുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പവർ ട്രെയിൻ/ മോട്ടോർ, ബാറ്ററി/ബി.എം.എസ്, ചാർജിങ് സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ലാബുകളും ഈ കേന്ദ്രത്തിലുണ്ട്. ഇംപിരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റിവ് എൻജിനീയേഴ്സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളിത്തവും കേന്ദ്രത്തിലുണ്ട്. ഈ കമ്പനികളിൽ നിന്നുള്ള വിദഗ്ധരുടെ പരിശീലനവും ഇവിടെ വിദ്യാർഥികൾക്ക് ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും തൊഴിൽ ലഭ്യമാക്കാൻ സഹായവും അസാപ് കേരള നൽകും.
മൂന്ന് മാസം വീതം നീളുന്ന ഇ.വി സർവിസ് ടെക്നീഷ്യൻകോഴ്സ്, ഇ.വി അസംബ്ലി ടെക്നീഷ്യൻ കോഴ്സ്, ബാറ്ററി പാക്ക് ടെക്നീഷ്യൻ, ബാറ്ററി പാക്ക് അസംബ്ലി ആൻഡ് ടെസ്റ്റിങ് ടെക്നീഷ്യൻ, ചാർജിങ് സ്റ്റേഷൻ എന്നിവക്ക് എസ്.എസ്.എൽ.സി / ഐ.ടി.ഐ/പോളിടെക്നിക് എന്നിവയിലേതെങ്കിലുമാണ് യോഗ്യത.
മൂന്ന് മാസത്തെ സ്പെഷലൈസേഷൻ ഇവി ടെക്നോളജി കോഴ്സിന് യോഗ്യത പ്ലസ് ടു അല്ലെങ്കിൽ പോളിടെക്നിക് ആണ് യോഗ്യത. ഇവി സർവിസ് ലീഡ് ടെക്നീഷ്യൻ കോഴ്സ് അഞ്ച് മാസമാണ്. ഐ.ടി.ഐ/പോളിടെക്നിക് യോഗ്യതയുള്ളവർക്ക് ചേരാം. എ.വി ടെക്നോളജി വർക്ക് അഞ്ച് മുതൽ പത്ത് ദിവസം വരെ നീളും. ഐ.ടി.ഐ/ പോളിടെക്നിക് / എൻജിനീയറിങ് എന്നിവയിലേതെങ്കിലും യോഗ്യത വേണം. ഇവി ടെക്നോളജിയിൽ സമ്മർ ഇന്റേൺഷിപ് നാലു മുതൽ ആറു വരെ ആഴ്ചയാണ്. പോളിടെക്നിക് / എൻജിനീയറിങ് ആണ് യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.