പത്തനംതിട്ട: നാടെങ്ങും വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞിട്ടും ജില്ലയിൽ മഴക്കാലപൂർവ മുന്നൊരുക്കം എങ്ങുമെത്തിയില്ല. ഡെങ്കിപ്പനി അടക്കം പകർച്ചവ്യധികൾ പെരുകുമ്പോഴും കൊട്ടിഗ്ഘോഷിച്ച ശുചീകരണ പ്രവൃത്തികൾ താളംതെറ്റിയിരിക്കുകയാണ്. മലിനജലവും മാലിന്യവും റോഡുകളിൽ നിരന്നൊഴുകുന്നു. മലിനജലം കെട്ടിനിന്ന് കൊതുകുശല്ല്യം വർധിച്ചു.ജില്ല ആസ്ഥാനത്ത് റോഡുകൾ വെട്ടിപ്പൊളിച്ചിട്ടതുകാരണം ചളിക്കുളമായി. ഓടകളിലേക്ക് വെള്ളം ഒഴുകാത്ത സാഹചര്യത്തിൽ മഴപെയ്താൽ നഗരത്തിലുടനീളം വെള്ളക്കെട്ടാണ്.
പണി നടക്കുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത കടന്നുപോകുന്ന ജില്ലയിലെ റാന്നി, കോന്നി ടൗണുകളിലും സമാന വിഷയങ്ങളുണ്ട്.ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തത് മൂലം മഴവെള്ളത്തോടൊപ്പം പുറത്തേക്കൊഴുകി കടകളിലേക്കും മറ്റും എത്തുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു.
മാലിന്യ നിർമാർജനത്തിനായി നിരവധി പദ്ധതികളും ഹരിതകർമസേനയുമൊക്കെ ഉണ്ടെങ്കിലും മാലിന്യം റോഡരികിൽ തന്നെ കെട്ടിക്കിടക്കുകയാണ്. മാലിന്യനീക്കം പലയിടത്തും ഇപ്പോഴും സാധാരണനിലയിൽ തന്നെയാണ്. മഴക്കാലത്തിനുമുമ്പ് ഇതു നീക്കാനും ഓടകൾ ശുചീകരിക്കാനും പദ്ധതിയുള്ളതാണ്.
മഴക്കാലപൂർവ ശുചീകരണം ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. ഡെങ്കി, എലിപ്പനി അടക്കമുള്ള രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുകയാണ്. മുൻവർഷങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഡെങ്കിയുടെ വ്യാപനം. മലിനജലത്തിലൂടെ ചവിട്ടിയാണ് സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യേണ്ടിവരുന്നത്. എലിപ്പനിയും ചർമരോഗങ്ങളും ഇതിലൂടെ പകരാനിടയുണ്ട്.
മഴക്കാലത്തിനു മുമ്പ് റോഡുകളും ഓടകളും ശുചീകരിക്കാൻ വൈകിയതിന് കാരണം ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടൽ പ്രവൃത്തികളാണെന്നാണ് വിശദീകരണം. മഴക്കാലത്തിനുമുമ്പ് പൂർത്തീകരിക്കേണ്ട പണി ഇപ്പോഴും ഇഴയുകയാണ്. ഇതുകാരണമുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. വ്യാപാരികൾ, വാഹന യാത്രികർ, കാൽനടക്കാർ ഇവരെല്ലാം ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ഓടകളുടെ ശുചീകരണവും നടന്നില്ല. ഓടക്കുമീതെ സ്ലാബില്ലാത്തതുകാരണം കഴിഞ്ഞദിവസം വീട്ടമ്മ അപകടത്തിൽപെട്ടിരുന്നു. മഴയിൽ റോഡും ഓടയും തമ്മിൽ തിരിച്ചറിയാനാകാത്തവിധം പലയിടത്തും മുങ്ങിപ്പോകുന്നുണ്ട്.
സ്ലാബില്ലാത്ത ഓടകൾ ഇതോടെ യാത്രക്കാർക്ക് വീണ്ടും ഭീഷണിയായി. പത്തനംതിട്ട-കടമ്മനിട്ട റോഡിൽ മേലെവെട്ടിപ്രം വരെ മാസങ്ങൾക്കു മുമ്പോ ടാറിങ്ങിനായി പൊളിച്ചെങ്കിലും പണികളെങ്ങും എത്തിയില്ല. ഓടയില്ലാത്തത് കാരണം ഈ റോഡിലും വെള്ളക്കെട്ട് പതിവായി. സ്റ്റേഡിയം ജങ്ഷനിൽനിന്ന് നഗരത്തിലേക്കുള്ള വൺവേ റോഡും തകർന്നുകിടക്കുകയാണ്. അബാൻ മേൽപാലത്തിന്റെ തൂണുകളുടെ നിർമാണം നടക്കുന്ന റിങ് റോഡിലും വെള്ളക്കെട്ടും മാലിന്യവും തലവേദനയാണ്.
അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പത്തനംതിട്ടയിലെ റോഡുകളുടെ വശങ്ങളിലുള്ള മൺകൂനകൾ നീക്കംചെയ്ത് പൊതുജനങ്ങൾക്കുള്ള അപകടസാധ്യത ഒഴിവാക്കണമെന്ന് ജലവിഭവ വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. ജലവിഭവ വകുപ്പിന്റെ അനാസ്ഥമൂലം നഗരസഭ ആരോപണം നേരിടേണ്ടിവരുന്നതായി കൗൺസിൽ യോഗത്തിലും പരാതി ഉയർന്നിരുന്നു. മേയ് 31നകം നിർമാണ ജോലി പൂർത്തീകരിക്കണമെന്ന് വകുപ്പ് മന്ത്രി അന്ത്യശാസനം നൽകിയിരുന്നു.
മൺകൂനകൾ നീക്കംചെയ്ത് വെറ്റ്മിക്സ് ഉപയോഗിച്ച് റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാർ വ്യവസ്ഥ പ്രകാരം കമ്പനിക്ക് ബാധ്യതയുള്ളതാണ്. മന്ത്രി വീണ ജോർജ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതാണ്. യോഗങ്ങളിൽ തീരുമാനങ്ങളുണ്ടാകുന്നതല്ലാതെ നടപടി മുമ്പോട്ടുനീങ്ങിയിട്ടില്ല.
കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗത്ത് പി.എം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. പ്രവൃത്തി നടന്നുകൊണ്ടിരിക്കെ ഓട നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഹരിക്കാൻ കരാർ കമ്പനിയോ കെ.എസ്.ടി.പിയോ തയാറായിട്ടില്ല. മഴപെയ്തതോടെ കെട്ടിക്കിടക്കുന്ന വെള്ളം റോഡരികിലെ കടകളിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഇതുമൂലമുണ്ടാകുന്ന നഷ്ടം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.