പത്തനംതിട്ട: ഇരട്ടപ്പാത യാഥാർഥ്യമായി ട്രെയിനുകളുടെ വേഗം വർധിച്ചതിനുപിന്നാലെ യാത്രക്കാരെ ദുരിതത്തിലാക്കി രാത്രി ട്രെയിനുകളുടെ തിരുവല്ലയിലെ സ്റ്റോപ് ഒന്നൊന്നായി ഒഴിവാക്കുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾക്ക് പിന്നാലെ നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിനും (16350) തിരുവല്ലയിൽ സ്റ്റോപ് ഇല്ലാതായി.
ദിവസേന രാത്രി 2.48ന് തിരുവല്ല വഴി കടന്നുപോകുന്ന ട്രെയിനാണിത്. മംഗലാപുരം-തിരുവനന്തപുരം (16348), മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344 ) എന്നിവയുടെ തിരുവല്ല സ്റ്റോപ് നേരത്തേ ഒഴിവാക്കിയിരുന്നു. ഇതേസമയം, ഈ ട്രെയിനുകളുടെ വടക്കോട്ടുള്ള യാത്രയിൽ തിരുവല്ലയിൽ സ്റ്റോപ് നിലനിർത്തിയിട്ടുമുണ്ട്. പ്രതിദിനമുള്ള മൂന്ന് തീവണ്ടികളുടെ രാത്രി സ്റ്റോപ്പുകൾ എടുത്തുകളഞ്ഞതോടെ മലബാർ മേഖലയിൽനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. വർഷങ്ങളായി ഈ ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പുണ്ടായിരുന്നതാണ്. രാത്രിയാത്ര സൗകര്യത്തിനായാണ് സ്റ്റോപ് എടുത്തുകളഞ്ഞതെന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ, കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയായതോടെ രാത്രി ഈ ട്രെയിനുകൾ ക്രോസിങ്ങിനുവേണ്ടി പല സ്റ്റേഷനുകളിലും ഏറെനേരം പിടിച്ചിടേണ്ടിവരുന്നത് ഒഴിവായി. ഇതോടെ ട്രെയിനുകൾക്ക് കൃത്യത പാലിക്കുന്നതിന് തടസ്സമില്ല.
മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ഭാഗങ്ങളിൽനിന്ന് തിരുവല്ലയിലേക്കുവരുന്ന യാത്രക്കാർ രാത്രി മംഗലാപുരം എക്സ്പ്രസിലാണ് എത്താറുള്ളതാണ്. ഇപ്പോൾ ഇവർ ചെങ്ങന്നൂരിലോ കോട്ടയത്തോ ഇറങ്ങണം. മധുര, പാലക്കാട് മേഖലയിൽനിന്നുള്ള യാത്രക്കാർ അമൃത എക്സ്പ്രസിലും നിലമ്പൂർ മേഖലയിൽനിന്നുള്ളവർ രാജ്യറാണി എക്സ്പ്രസിലും വരുമ്പോഴും സ്ഥിതി ഇതുതന്നെയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാത്രി വന്നിറങ്ങുന്ന യാത്രക്കാരും ഈ ട്രെയിനുകളെ ആശ്രയിക്കാറുള്ളതാണ്. ഇവയുടെ സ്റ്റോപ് എടുത്തുകളഞ്ഞത് പലരും അറിയുന്നത് ടിക്കറ്റെടുക്കുമ്പോൾ മാത്രമാകും. ജില്ലയുടെ മലയോര മേഖലകളിൽനിന്നടക്കം തിരുവല്ലയിലെത്തി ഈ ട്രെയിനുകളിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്, ആർ.സി.സി എന്നിവിടങ്ങളിലേക്ക് ചികിത്സാർഥം പോകുന്നവരും ഉണ്ടായിരുന്നു. അതിരാവിലെ പരിശോധനകൾക്കായി ആശുപത്രികളിലെത്തേണ്ടവർക്കും ഈ ട്രെയിനുകൾ സഹായകരമായിരുന്നു. പുലർച്ച 4.40നുള്ള ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് മാത്രമാണ് നിലവിൽ തിരുവല്ലയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ആദ്യ ട്രെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.