പത്തനംതിട്ട: മേലേ വെട്ടിപ്രത്ത് കുന്നിടിച്ച് മണ്ണെടുത്തത് ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലാതെയെന്ന് സൂചന. തെളിവെടുപ്പിനായി സ്ഥലം ഉടമ നേരിട്ട് ഹാജരാകാൻ ജിയോളജി വകുപ്പ് നോട്ടീസ് നൽകും. ഇവിടെ മണ്ണെടുത്തതടക്കം വിഷയങ്ങളെ ചൊല്ലിയാണ് ശനിയാഴ്ച നഗരസഭ കൗൺസിലിൽ ബഹളം നടന്നത്.
വസ്തുവിൽനിന്ന് മണ്ണെടുത്തത് നിയമാനുസൃതമല്ലെന്ന് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. പ്രക്കാനം സ്വദേശിയുടേതാണ് വസ്തു. ഇവിടെ കെട്ടിടം പണിയാൻ 2013ൽ നഗരസഭ അനുമതി നൽകിയിരുന്നു. നിർമാണ അനുമതിയുടെ കാലാവധി തീർന്നതിനെ തുടർന്ന് മൂന്ന് തവണ അനുമതി പുതുക്കിയിരുന്നു.
എന്നാൽ, മണ്ണ് എടുക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി നൽകിയിട്ടില്ലെന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. അനുമതി ഉണ്ടെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് കുന്നിടിക്കാനും മണ്ണെടുക്കാനും കടത്താനും ശ്രമിച്ചതെന്ന് റവന്യൂ അധികൃതർ പറയുന്നു.
ജിയോളജി വകുപ്പിന്റെ അനുമതി ഹാജരാക്കാൻ വില്ലേജ് ഓഫിസ് അധികൃതർ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. തുടർന്നാണ് വസ്തുവിൽ എല്ലാ നടപടിയും നിർത്തിവെക്കാൻ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. നിയമവിരുദ്ധ നടപടി സംബന്ധിച്ച് തഹസിൽദാർക്കും വില്ലേജ് ഓഫിസ് അധികൃതർ റിപ്പോർട്ട് നൽകി.
കെട്ടിട നിർമാണ അനുമതിയുടെ മറവിൽ കൂടുതൽ പ്രദേശത്തുനിന്ന് മണ്ണ് നീക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. കൂടുതൽ സ്ഥലത്തുനിന്ന് മണ്ണ് നീക്കിയിട്ടുണ്ടെങ്കിൽ കെട്ടിട നിർമാണ അനുമതിയും റദ്ദാക്കും. നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചത്.
ചെയർമാൻ അഴിമതിക്ക് കൂട്ടു നിൽക്കുന്നുവെന്നും രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പും പാറപൊട്ടിക്കലും എല്ലാം കർശന ഉപാധികളോടെയാക്കാനാണ് നഗരസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.