പത്തനംതിട്ട: കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും താപനില ഉയരാനുള്ള സാധ്യതയുള്ളയായി മുന്നറിയിപ്പുണ്ട്. മേയ് മൂന്നുവരെ പകൽ താപനില 38 ഡിഗ്രിയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
വേനൽ ചൂടിൽ കുടിവെള്ള സ്രോതസ്സുകളും വറ്റിവരണ്ടു. തോടുകളും നീർച്ചാലുകളും മാസങ്ങൾക്ക് മുമ്പേ വറ്റിവരണ്ടതോടെ നദികളിലും വെള്ളം കുറഞ്ഞ് അടിത്തട്ട് തെളിഞ്ഞു. ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണവും തടസ്സപ്പെടുന്നത് ജനത്തെ പ്രയാസത്തിലാക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ, ഇവടങ്ങളിലും വെള്ളം വറ്റി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇടക്കാലത്ത് സജീവമായ വാഹനം വഴിയുള്ള ജലവിതരണം മുടങ്ങുന്നുമുണ്ട്. തോടുകളും നീർച്ചാലുകളും മാസങ്ങൾക്ക് മുമ്പേവറ്റിവരണ്ട നിലയിലാണ്. ഡിസംബർ അവസാനം പമ്പാനദിയിൽ ജലവിതാനം കുറഞ്ഞതാണ്. പിന്നീട് കാര്യമായ തോതിൽ മഴ പെയ്തിരുന്നില്ല. മറ്റ് നദികളിലും ഇതാണ് അവസ്ഥ. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്പെടാതെ നദിയിൽ നീരൊഴുക്ക് വർധിക്കില്ല. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും വെള്ളമില്ലാതെ തീരവാസികൾ ബുദ്ധിമുട്ടുന്നു.
റാന്നി: കടുത്ത ചൂടിൽ മലയോരമേഖലകളിൽ കിണറുകൾ വറ്റി. കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. ജനങ്ങളുടെ ദാഹമകറ്റാൻ ജലവിതരണ പദ്ധതികളുമില്ല. റാന്നി ഇടമുറി, വലിയപതാൽ, പൊന്നമ്പാറ, പഞ്ചാരമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ദുരിതത്തിലാണ്. നാറാണംമൂഴി പഞ്ചായത്തിലും ചേത്തയ്ക്കൽ, അത്തിക്കയം വില്ലേജുകളിലും ഉൾപ്പെട്ട പ്രദേശങ്ങളാണിവയെല്ലാം. ചേത്തയ്ക്കൽ വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങൾ വെച്ചൂച്ചിറ ജലവിതരണ പദ്ധതിയിലാണ്. പദ്ധതിയിൽനിന്ന് ഇടമൺ–ഇടമുറി റോഡിലും കൂത്താട്ടുകുളം–വലിയപതാൽ റോഡിലും പൈപ്പുകളിട്ടിരുന്നു.
ഇടമൺ–ഇടമുറി റോഡിൽ സ്ഥാപിച്ച പൈപ്പിൽ ഒരുതുള്ളി വെള്ളം ഇതുവരെ കിട്ടിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് പണിക്കിടെ തകർന്ന വലിയപതാൽ റോഡിലെ പൈപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇടമുറി–ബംഗ്ലാവുപടി റോഡിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല.
പെരുനാട്–അത്തിക്കയം ജലവിതരണ പദ്ധതിയിൽ അത്തിക്കയം വില്ലേജും ഉൾപ്പെട്ടിട്ടുണ്ട്. പൊന്നമ്പാറയ്ക്കു സമീപം പഞ്ചാരമുക്കിൽ പദ്ധതിക്കായി സംഭരണിയും നിർമിച്ചിട്ടുണ്ട്. പഞ്ചാരമുക്കിൽനിന്ന് പൊന്നമ്പാറ, ഇടമുറി അമ്പലംപടി വഴി പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി കമീഷൻ ചെയ്യാത്തതിനാൽ തുള്ളിവെള്ളം ഇവിടെയും കിട്ടുന്നില്ല. വെച്ചൂച്ചിറ പദ്ധതിയിൽനിന്ന് വെള്ളമെത്തിച്ചും പെരുനാട്–അത്തിക്കയം പദ്ധതി കമീഷൻ ചെയ്തും ജലക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.