ചുങ്കപ്പാറ: വേനൽ രൂക്ഷമായതോടെ മലയോര മേഖലകളിലും വയലോലകളിലും ചെറുസസ്യങ്ങളും, അടിക്കാടുകളും കരിഞ്ഞുണങ്ങിയതോടെ കന്നുകാലികൾക്ക് നൽകാൻ തീറ്റക്കായി ക്ഷിരകർഷകർ നെട്ടോട്ടത്തിൽ. കൊറ്റനാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളിലെ മലയോര മേഖലയിലെ കർഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. നിർമലപുരം, നാഗപ്പാറ, കിടികെട്ടിപ്പാറ, പുളിക്കൻ പാറ, തോട്ടത്താംകുഴി, കരുവള്ളിക്കാട്, ആലപ്രക്കാട്, വഞ്ചികപ്പാറ, തൊടുകയിൽ മല, പുല്ലാന്നിപ്പാറ, തടത്തേൽ മല, മലമ്പാറ, കാട്ടോലിപ്പാറ, പെരുമ്പാറ, പുളിക്ക മറ്റം മല, കാരമല, മേത്താനം, കൂലിപ്പാറ, അറഞ്ഞിക്കൽ, മൈലാടുംപാറ എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമാണ്. പ്രദേശത്തെ മിക്കയിടങ്ങളിലെയും തീറ്റപ്പുൽ കൃഷിയടക്കം കരിഞ്ഞുണങ്ങി. തീറ്റക്കായി കർഷകർ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്. വേനൽ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ലോറികളിൽ എത്തിക്കുന്ന വൈക്കോലായിരുന്നു കർഷകരുടെ ഏക ആശ്രയം. എന്നാൽ വൈക്കോൽ ലഭ്യത കുറവും അമിത വിലയും കർഷകർക്ക് ഇരുട്ടടിയായി. മുൻ വർങ്ങളിലെപ്പോലെ വേനൽമഴലഭിക്കാത്തതും കർഷകർക്ക് ദുരിതമായി. ചൂട് കടുത്തതോടെ ക്ഷീര സംഘങ്ങളിൽ എത്തുന്ന പാലിന്റെ അളവിൽ 500 മുതൽ 1000 ലിറ്ററിന്റെ വരെ കുറവ് വന്നതായും അധികൃതർ പറയുന്നു.
റാന്നി : വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുമോയെന്ന് ആശങ്കയുരുന്നു. റാന്നിയുടെ മലയോര മേഖലയിലെ ജനതയാണ് ഭീതിയിൽ കഴിയുന്നത്. അടുത്തിടെ ആനയും മറ്റ് വന്യജീവികളും നാട്ടിലിറങ്ങി ഭീതി വിതച്ചിരുന്നു. വടശ്ശേരിക്കര, മണിയാർ, കരികുളം, വലിയ കാവ്, പെരുനാട്, ളാഹ, കോളാമല, കൊച്ചുകുളം, കുടമുരുട്ടി, കുരുമ്പൻമൂഴി പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് വന്യജീവികൾ ഭീഷണിയാകുന്നത്. പല സ്ഥലങ്ങളിലും വനംവകുപ്പ് സൗരോജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നും ആനയും കാട്ടുപന്നികളും ഉൾപ്പടെ കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തണമെന്നും മൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണനപോലും വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങൾക്ക് വനം വകുപ്പ് നൽകുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.