പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പ്രചാരണ ദൃശ്യം സി.പി.എം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെത്തിയതു സംബന്ധിച്ച് അന്വേഷണം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ അടിക്കുറിപ്പോടെ എഫ്.ബിയിൽ വന്ന വിഡിയോ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഞായറാഴ്ച തന്നെ ജില്ല പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. പേജ് ഹാക്ക് ചെയ്തിട്ടുണ്ടെന്നു തന്നെയാണ് പാർട്ടി കരുതുന്നത്. ഇക്കാര്യം അന്വേഷിച്ചു മറുപടി പറയേണ്ടത് പൊലീസാണെന്ന് ഉദയഭാനു പറഞ്ഞു.
ഇതിനിടെ രാഹുലിന്റെ പ്രചാരണ ദൃശ്യം സി.പി.എം പേജിൽ കടന്നുകൂടിയത് അഡ്മിന്മാരുടെ കൈയബദ്ധം മൂലമുണ്ടായതാണെന്നും പറയുന്നു. പേജിന്റെ അഡ്മിന്മാര്ക്ക് ശാസന നല്കി പ്രശ്നം പറഞ്ഞു തീര്‍ക്കാനുള്ള ശ്രമവുമുണ്ട്. എന്നാൽ, സംഭവം സി.പി.എമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതോടെ പൊലീസ് അന്വേഷണത്തിൽ ഉറച്ചു മുമ്പോട്ട് പോകാൻ പാർട്ടി നിർബന്ധിതമായി. അടൂരിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്ന വിഡിയോ എഫ്ബി പേജിലേക്ക് അപ് ലോഡ് ചെയ്തതാകാമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്. സി.പി.എമ്മിന്റെ എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന് അടൂര്‍ സ്വദേശിയാണ്. രാഹുല്‍ മാങ്കൂട്ടത്തിന്റെ വീട് അടൂര്‍ മണ്ഡലത്തിലെ പള്ളിക്കല്‍ പഞ്ചായത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.