പത്തനംതിട്ട: പതിനൊന്നര വർഷത്തെ സേവനത്തിന് പത്തനംതിട്ട ജനറൽആശുപത്രിയിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന െറസിഡന്റ് മെഡിക്കൽ ഓഫിസർ (ആർ.എം.ഒ) ഡോ. ആശിഷ് മോഹൻകുമാറിന് മാധ്യമപ്രവർത്തകർ പ്രസ്ക്ലബിൽ സ്നോഹോഷ്മള യാത്രയയപ്പ് നൽകി. ജന്മനാടായ പുനലൂരിലെ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറുന്നത്.
ജനറൽ ആശുപത്രിക്ക് ജനകീയ മുഖം നൽകുന്നതിലും കോവിഡ്കാലത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങളിലും ഡോ. ആശിഷ് മോഹൻ കുമാർ നൽകിയ സേവനങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഡോക്ടേഴ്സ് ദിനമായ ശനിയാഴ്ച ആദരം നൽകിയത്.
2012 ജനുവരിയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആർ.എം.ഒയുടെ ചുമതലയേൽക്കുന്നത്. കോവിഡ് കാലത്തെ അന്നത്തെ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യുവും ഡോ. ആശിഷ് മോഹൻ കുമാറും ചേർന്നാണ് പരാതിക്ക് ഇടംകൊടുക്കാതെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
പ്രതിസന്ധികളുടെ സമയം കൂടിയായിരുന്നു അത്. ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ, എൻ 95 മാസ്കുകൾ, രോഗികൾക്കുള്ള ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയവ സംഘടിപ്പിക്കാൻ ആദ്യ ദിവസങ്ങളിൽ ഏറെ കഷ്ടപ്പെട്ടു. ഇതിനൊക്കെ ആദ്യം സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന പണവും ചെലവാക്കേണ്ടി വന്നു. ലോക്ഡൗൺ വന്നതോടെ ഹോട്ടലുകൾ ഇല്ലാതായി. ഇതിനു പരിഹാരമായി ജീവനക്കാർ ചേർന്ന് അടുക്കളയും തുടങ്ങി. കോവിഡ് സമയത്ത് ഒന്നരമാസം വരെ വീട്ടിൽ പോകാതെ ഡോ. ആശിഷ് ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ട്. ആശുപത്രി പ്രവർത്തനങ്ങളിൽ നിരന്തര ഇടപെടലുകളും രോഗികളോടുള്ള പെരുമാറ്റവും അദ്ദേഹത്തെ ജനകീയനാക്കി മാറ്റി. ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കാത്ത് ലാബ്, നവീകരിച്ച പേവാർഡ് ഉദ്ഘാടനം ആശുപത്രിയിലെ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പ്രധാന പങ്ക് വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു, ട്രഷറർ എസ്. ഷാജഹാൻ, മാധ്യമ പ്രവർത്തകരായ ബോബി എബ്രഹാം, ബിജു കുര്യൻ, ജി.വിശാഖൻ, ബിനിയ ബാബു, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹത്തിന് യാത്രയയപ്പ്നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.