പത്തനംതിട്ട: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായതോടെ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബർ 16 മുതൽ 23 വരെ ജില്ലയിൽ 3,264 പേർ പനിബാധിതരായി ചികിത്സതേടി. എച്ച് വൺ എൻ വണ്ണും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
73 പേർക്ക് ഡെങ്കിപ്പനിയും ഒമ്പത് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവുമുണ്ടായി. സെപ്റ്റംബർ ഒമ്പതു മുതൽ 15 വരെയുള്ള ആഴ്ചയിൽ പനിബാധിതരുടെ എണ്ണം 2,403 ആയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി രോഗലക്ഷണവുമായി ഒട്ടേറെ പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. സാധാരണ ഉണ്ടാകാറുള്ള വൈറൽ പനിയാണ് (സാധാരണ ഫ്ലൂ) ഭൂരിഭാഗവുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഉയർന്ന ശരീര താപനില, തലവേദന, പേശി വേദന, തൊണ്ടവേദന പോലുള്ളവയാണ് ലക്ഷണങ്ങൾ.
വീട്ടിലെ ഒരംഗത്തിന് പനി പിടിച്ചാൽ മറ്റെല്ലാവരിലേക്കും പടരുന്ന അവസ്ഥയുമുണ്ട്. ശക്തമായ ചുമയും കഫക്കെട്ടും നീണ്ടുനിൽക്കുന്നതോടെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ ആഴ്ചകൾ വേണ്ടിവരും. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയുന്നത് മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് ഗുരുതരമാകാനിടയുള്ള രോഗമാണ് ഡെങ്കിപ്പനി. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. കോവിഡ്, ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളും പനിക്കൊപ്പം പടരുന്നുണ്ട്. മുമ്പ് കേട്ടിട്ടില്ലാത്ത പല രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനാൽ ആശുപത്രിയിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.