അടൂർ: ഏറത്ത് ഗ്രാമ പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം തുടങ്ങി. ഇതിനായി പൈപ്പുകൾ ഇറക്കിയിട്ടുണ്ട്. ഏറത്ത് പഞ്ചായത്തിൽ 7833 ഗാർഹിക കണക്ഷനുകളാണ് നൽകുന്നത്. 45.36 കോടിയുടെ കരാറാണ് നൽകിയത്. ഗുണനിലവാര പരിശോധനക്കുശേഷം പൈപ്പ് സ്ഥാപിച്ചുതുടങ്ങുമെന്ന് ജല അതോറിറ്റി പ്രോജക്ട് അസി. എൻജിനീയർ അറിയിച്ചു. ഒരോ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ.
200 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് 7863 കണക്ഷൻ നൽകും. 74.73 കോടിയാണ് പദ്ധതി പ്രകാരം ഏറത്തിന് അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിക്കായി കന്നിമല, മുരുകൻകുന്ന് ഭാഗങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കല്ലടയാറ്റിൽനിന്നാണ് ശുദ്ധീകരിച്ച വെള്ളം എടുക്കുന്നത്. കന്നിമലയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. മുരുകൻകുന്നിൽ എട്ടു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ് ഏറത്ത് ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും.
വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് നൽകിയാലും വെള്ളം കിട്ടാൻ താമസിക്കും. ജലസംഭരണിയും ശുചീകരണ പ്ലാന്റും ടാങ്കും സ്ഥാപിക്കാനുള്ള നടപടികൾ പാതിവഴിയിലാണ്. ഏറത്ത് ഗ്രാമപഞ്ചായത്തിലെ 7833 കുടുംബങ്ങളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യം നിലവിലുള്ള ചിരണിക്കൽ, കടമ്പനാട് ജലസംഭരണികളിലില്ല.
കല്ലടയാറ്റിലെ കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപം സ്ഥാപിക്കുന്ന ജലസംഭരണി ടാങ്കിൽനിന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചായലോട് പാറമടയിൽ സ്ഥാപിക്കുന്ന ശുചീകരണ പ്ലാന്റിൽ വെള്ളം എത്തിച്ച് ശുചീകരിച്ച് ഏറത്ത്, ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ എത്തിച്ച് മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളിലും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കുറച്ചു പ്രദേശത്തും വെള്ളം നൽകുന്നതാണ് പദ്ധതി.
ജൽ ജീവൻ പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നാണ് പള്ളിക്കൽ, കടമ്പനാട് ഗ്രാമപഞ്ചായത്തുകൾ പറയുന്നത്. പക്ഷേ, സ്ഥലം ഇതുവരെ ഏറ്റെടുത്ത് ജൽ ജീവൻ മിഷന് കൈമാറിയിട്ടില്ല. പദ്ധതിക്കായി 20 സെന്റ് സ്ഥലം നൽകണം എന്നാണ് വ്യവസ്ഥ. രണ്ട് ഗ്രാമപഞ്ചായത്തിലും പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും നേരത്തേ ലഭിച്ചതാണ്.
ഇതിൽ പദ്ധതി ആരംഭിക്കാൻ തക്കവണ്ണം കാര്യങ്ങൾ മുന്നോട്ടുപോയത് എറത്ത് ഗ്രാമപഞ്ചായത്തിൽ മാത്രമാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് പള്ളിക്കൽ. ജൽ ജീവൻ പദ്ധതിക്ക് 82.85 കോടിയാണ് ഇവിടെ വകയിരുത്തിയത്. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഉടർ ടെൻഡർ നടപടികൾ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.