പത്തനംതിട്ട: ഹയർസെക്കൻഡറി ഫലത്തിൽ ജില്ല ഇത്തവണ ഏറ്റവും പിന്നിൽ പതിനാലാം സ്ഥാനത്ത്. വിജയശതമാനം 76.59. വൊക്കേഷനൽ ഹയർ സെക്കൻഡറിക്കും (വി. എച്ച്. എസ്.ഇ) ഇത്തവണ ജില്ലയുടെ വിജയശതമാനം കുറഞ്ഞിട്ടുണ്ട്.
68.48 ആണ് വിജയശതമാനം. 2011 മുതൽ എല്ലാ വർഷവും വിജയശതമാനത്തിൽ ജില്ല പിന്നിലാണ്. ഹയസെക്കൻഡറിയിൽ കഴിഞ്ഞ വർഷം 75.91 ശതമാനവുമായി ജില്ല 13ാം സ്ഥാനത്തായിരുന്നു. 2021ലും ജില്ല ഏറ്റവും പിന്നിലായിരുന്നു.82.53 ആയിരുന്നു അന്നത്തെ വിജയശതമാനം. 2020ൽ 82.74 ശതമാനവുമായി ഏറ്റവും പിന്നിലായി. 2019ൽ 78 ശതമാനം. 2018 ൽ 77.16 ശതമാനം.
2017 വർഷം 77.65 ശതമാനം വിജയമാണ് ജില്ല നേടിയത്. 2016 ൽ 72.4 ആയിരുന്നു വിജയശതമാനം. പ്ലസ്ടു ഫലം വരുമ്പോൾ ജില്ല തുടർച്ചയായി ഏറ്റവും പിന്നിലാവുമ്പോൾ എസ്.എസ്.എൽ.സി ഫലത്തിൽ ജില്ലക്ക് മികച്ച വിജയശതമാനം ലഭിക്കുന്നുണ്ട്. 2011 മുതൽ ഓരോ വർഷവും ഹയർ സെക്കൻഡറി വിജയശതമാനത്തിൽ ജില്ല താഴോട്ട് പോകുമ്പോഴും ഇത് ഉയർത്താൻ വേണ്ട യാതൊരു നടപടികളും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്.
പഠനനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പല ചർച്ചകളും ജില്ലതലത്തിലും മറ്റും നടക്കാറുണ്ട്. വിജയശതമാനം ഉയർത്താൻ വേണ്ടി ജില്ല പഞ്ചായത്ത് തയാറാക്കിയ പദ്ധതികൾ പോലും ഫലവത്തായില്ല. പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്ന കുട്ടികൾ പോലും പ്ലസ്ടുവിൽ പരാജയപ്പെടുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷന്റെ അഭാവം, ഹയർസെക്കൻഡറി ഡയറക്ടറേറിന്റെ ഇടപെടൽ ഇല്ലായ്മ, നിർജീവമായ പി. ടി.എകൾ, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനങ്ങളുടെ അഭാവം, ഹാജർ നില വിലയിരുത്താത്തത്, ലഹരി പദാർഥങ്ങളുടെ ഉപയോഗം ഇവയൊക്കെ വിജയശതമാനം ഉയരാത്തതിന്റെ കാരണങ്ങളായി വിലയിരുത്തുന്നു.
സി.എസ്.ഐ (ഡഫ്) എച്ച്.എസ്.എസ് മണക്കാല
എം.കെ.ജി.എ.എം എച്ച്.എസ്.എസ് മണ്ണടി
മോഡൽ റസിഡൻഷ്യൽ സ്കൂൾ വടശ്ശേരിക്കര
ജി.എച്ച്.എസ്.എസ് കിഴക്കുപുറം
പത്തനംതിട്ട: പ്ലസ് ടുവിന് ജില്ലയിലെ 82 സ്കൂളുകളിലായി പരീക്ഷയെഴുതിയ 11,249 വിദ്യാർഥികളിൽ 8,616 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. (76.59%. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷയെഴുതിയ 223 വിദ്യാർഥികളിൽ 197പേർ ഉപരിപഠന യോഗ്യത നേടി.
വിജയശതമാനം 88.34. ഒാപൺ സ്കൂൾ വിഭാഗത്തിൽ 96ശതമാനം വിജയം. പരീക്ഷയെഴുതിയ ഇരുപതിൽ പത്തൊൻപത് പേരും വിജയിച്ചു. ഇത്തവണ പ്ലസ്ടുവിന് 808 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. നൂറുശതമാനം വിജയം നേടിയത് നാല് സ്കൂളുകളാണ്.
കോന്നി: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയവുമായി കോന്നി മേഖലയിലെ സർക്കാർ സ്കൂളുകൾ. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മിന്നുന്നവിജയം നേടി. ഹയർ സെക്കൻഡറി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ സയൻസ് വിഭാഗത്തിൽ 91ശതമാനവും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 92ശതമാനവും കോമേഴ്സിൽ 77ശതമാനവും വിജയം നേടി.
പരീക്ഷ എഴുതിയതിൽ 28 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിൽ 81.6ശതമാനവും ഹ്യുമാനിറ്റീസിൽ 62.5ശതമാനവും വിജയം നേടി.6 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 83 ശതമാനം വിജയം നേടി.
സയൻസിൽ 9 ശതമാനവും ഹ്യുമാനിറ്റീസിൽ 74ശതമാനവും കോമേഴ്സിൽ 73 ശതമാനവും വിജയം നേടി. സയൻസിൽ 14 പേരും ഹ്യുമാനിറ്റീസിൽ മൂന്നുപേരും കോമേഴ്സിൽ ഒരാളും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഐരവൺ പി. എസ്. വി.പി.എം.എച്ച്.എസ്. എസും മിന്നുന്ന വിജയം നേടി. കോമേഴ്സിൽ 77ശതമാനവും സയൻസിൽ 93ശതമാനവും ഹ്യൂമാനിറ്റീസിൽ 70ശതമാനവും വിജയം നേടി. പരീക്ഷ എഴുതിയതിൽ 18 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
അടൂര്‍: സ്പെഷല്‍ സ്കൂള്‍ പ്ലസ് ടു പരീക്ഷയിലും 100 ശതമാനം നേടി അടൂര്‍ മണക്കാല സി.എസ്.ഐ ഭാഗിക ശ്രവണ വിദ്യാലയം. സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം നേടിയിരുന്നു.അന്നാബേൽ ബിനോയി, അപർണ ബിനു, ശ്രേയപ്രസാദ്, അതിഥി വിജേഷ് എന്നിവർക്ക് പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇത്തവണ 12 കുട്ടികളാണ് പരീക്ഷയെഴുതിയത്- സയൻസ്, കോമേഴ്സ് ബാച്ചുകളിൽ 12 പേർ വീതം. സി.എസ്.ഐ മധ്യകേരള മഹായിടവക 1981 വികലാംഗ വര്‍ഷത്തില്‍ ആരംഭിച്ച ശ്രവണ വിദ്യാലയത്തില്‍ 2000ത്തിലാണ് പ്ലസ് ടു ആദ്യ ബാച്ച് പുറത്തിറങ്ങിയത്.
2002 മുതല്‍ നൂറു ശതമാനം വിജയമാണ് ഈ വിദ്യാലയത്തിന്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ അഞ്ചുതവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കുകയും ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, കായിക മേളകളിലും തിളക്കമാര്‍ന്ന വിജയം തുടരുകയും ചെയ്യുന്ന സ്കൂളിന് 2015ലും 2018ലും ജില്ല കൃഷി അവാര്‍ഡ് -ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഫാ. പി.എൽ. ഷിബു സ്കൂളിന്റെ ലോക്കല്‍ മാനേജറും ഷിനി മേരി ജോൺ പ്രധാനാധ്യാപികയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.