പത്തനംതിട്ട : ഗതാഗത നിയന്ത്രണ ഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാർഡിനെ മർദിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. കുമ്പഴ വരുവാതിൽ വീട്ടിൽ ജിന്റോ ജോർജ്(39)ആണ് അറസ്റ്റിലായത്. പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റിലെ ഹോം ഗാർഡ് ഷിബു കുര്യനാണ് മർദനമേറ്റത്. കുമ്പഴ ട്രാഫിക് പോയിന്റിൽ ഡ്യൂട്ടിക്കിടെയാണ് മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം.
യാതൊരു പ്രകോപനവുമില്ലാതെയാണ് അസഭ്യം വിളിച്ച് ഷിബുവിന് നേരെ കൈയേറ്റത്തിന് മുതിർന്നത്. ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും അസഭ്യവർഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടർന്ന് യൂനിഫോമിന്റെ ഇടതുവശത്തെ ഫ്ലാപ്പ് വലിച്ചുകീറി മർദ്ദിക്കുകയായിരുന്നു. ആളുകൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. തുടർന്ന് ഷിബുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെ 17 കേസുകളിൽ പ്രതിയാണ് ജിന്റോ. 2011 ലെ വധശ്രമക്കേസിൽ ഇയാളെ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. കുമ്പഴ ജങ്ഷന് സമീപത്തുനിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ഷിബുകുമാർ, എസ്.ഐ ജിനു, സി.പി.ഒ മാരായ അനുരാജ്, അഭിരാജ്, വിഷ്ണു, ശ്രീലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.