പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുർവി ചുഴലിക്കാറ്റിെൻറ സ്വാധീനത്താല്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ അതിനോടു സഹകരിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഉറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കണം. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഈ മാസം മൂന്നിന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറിത്താമസിക്കാന്‍ തയാറാകണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതി ഒതുക്കണം. അപകടാവസ്ഥകള്‍ 1077നമ്പറില്‍ വിളിച്ച് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണം. ക്വാറൻറീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനം എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദുരന്തസാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കിെവക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്പാലങ്ങളില് കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം.
മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാം.
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ഉള്‍പ്പെടെ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ 16 അംഗ എന്‍.ഡി.ആര്.എഫ് ജില്ലയിലെത്തി.
കലക്ടര്‍ പി.ബി. നൂഹ് ഇവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചെന്നൈ ആര്ക്കോണത്തുനിന്നെത്തിയ സംഘത്തിെൻറ ടീം കമാന്‍ഡര്‍ മഹാവീര്‍ സിങ്ങാണ്. സബ് ടീം കമാന്‍ഡര്‍ ടി. രാജു. മൂന്ന് റബര്‍ ഡിങ്കി ഉൾപ്പെടെ എല്ലാ സുരക്ഷ സംവിധാനങ്ങളും ഉപകരണങ്ങളുമായാണ് സംഘം എത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.