പത്തനംതിട്ട: ഓൺലൈൻ മാധ്യമ പ്രവർത്തകനെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മൈലപ്ര ജയ് ഭവനത്തില്‍ ജയ്നമ്മ ജോര്‍ജാണ് പരാതിക്കാരി.
പരമ്പരാഗത രീതിയില്‍ പോഷകാഹാര പാനീയം തയാറാക്കി വില്‍ക്കുന്ന ജോലിയാണ് ജയ്നമ്മക്ക്. ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സും ന്യൂട്രീഷന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും ഉൽപന്നത്തിനുണ്ടെന്ന് ജയ്നമ്മ പറയുന്നു. ഒരാഴ്ച മുമ്പ് തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ് എന്നയാൾ വിളിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്നിന്നാണെന്നും ഒന്നര ലക്ഷം തന്നാല്‍ ഓണ്‍ലൈന്‍ ചാനലില്‍ ഉൽപന്നത്തിന്റെ വിഡിയോ പരസ്യം നല്‍കാമെന്നും അറിയിച്ചു. ഇത്രയും പണം മുടക്കാന്‍ ഇല്ലാത്തതിനാല്‍ താൽപര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍, എട്ടിന് ശിവപ്രസാദും കൂടെ മറ്റൊരാളും വീട്ടിലെത്തി വിഡിയോ ചെയ്ത് പ്രതിഫലമായി 25,000 രൂപ വാങ്ങിച്ചു. ഭര്‍ത്താവും മകനും വേണ്ടെന്ന് പറഞ്ഞിട്ടും ഭീഷണിക്ക് വഴങ്ങി പരസ്യം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാള്‍ വീട്ടമ്മയെ ഫോണ്‍ ചെയ്ത് 27,000 രൂപ കൂടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട തുക നല്‍കിയതല്ലേയെന്ന ചോദ്യത്തിന് അങ്ങനെ പണം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ ഇയാള്‍ പറഞ്ഞ മാധ്യമ സ്ഥാപനത്തില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. ഉടന്‍ പത്തനംതിട്ട പൊലീസില്‍ പരാതി നല്കി. എന്നാല്‍, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ജയ്നമ്മ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.