റാന്നി: അയ്യപ്പഭക്തർക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിൽ റാന്നി പഞ്ചായത്ത് അവഗണന കാട്ടുന്നതായി ആരോപണം. റാന്നി പെരുമ്പുഴയിലടക്കം ശുചിമുറി സൗകര്യം അപര്യാപ്തമാണെന്നാണ് പ്രധാനമായും അയ്യപ്പഭക്തർ പറയുന്നത്. പെരുമ്പുഴ ബസ്സ്റ്റാൻഡിലെ ശുചിമുറി പ്രവർത്തനം നിലച്ചിട്ട് നാളുകളായിട്ടും തുറക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആരോപണം. റാന്നി രാമപുരം ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്ന തീർഥാടകർക്ക് പ്രാഥമിക കാര്യങ്ങൾക്ക് ബസ് സ്റ്റാൻഡിലെ ശുചിമുറികൾ പ്രയോജനം ചെയ്തിരുന്നതാണ്. പെരുമ്പുഴക്കടവിൽ ശുചിമുറി ഉണ്ടായിരുന്നത് മഹാപ്രളയത്തിനുശേഷവും പുതിയപാലം നിർമാണം മൂലവും ഇല്ലാതാകുകയായിരുന്നു. ഇക്കാരണത്താലാണ് പെരുമ്പുഴ ബസ്സ്റ്റാൻഡിലെ ശുചി മുറികൾ തീർഥാടകർക്ക് പ്രയോജനപ്പെട്ടിരുന്നത്.
ശുചിമുറി ആയുധപ്പുരയും പൂന്തോട്ടവുമായ നിലയിൽ
ശുചിമുറിക്കായുള്ള സ്ഥലത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആയുധങ്ങളും കൊട്ടകളും സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചായത്തുവക കംഫർട്ട് സ്റ്റേഷന്റെ മുൻഭാഗം പൂന്തോട്ട നിർമാണത്തിന്റെ പേരിൽ പച്ചമണ്ണ് നിരത്തി ചെട്ടിചട്ടികളിൽ വളരുന്ന ചെടികളും മറ്റു കുറച്ച് ചെടികളും സ്ഥാപിച്ചിരിക്കുന്നതായി കാണം യാത്രക്കാർക്ക് പ്രാഥമിക സൗകര്യം ഒരുക്കാത്ത പഞ്ചായത്ത് പഞ്ചായത്ത് ഫണ്ട് മുടക്കി പൂന്തോട്ട നിർമിക്കുന്നതാണോ റാന്നി പഞ്ചാത്തിന്റെ വികസന കാഴ്ചപ്പാട് ഉയർത്തുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഫീഡിങ് റൂം സ്റ്റോർ റൂമായി പൂട്ടിയ നിലയിൽ
പഞ്ചായത്തുവക പെരുമ്പുഴയിൽ സ്ഥാപിച്ചിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ ഒരു ഭാഗം ഫീഡിങ് റൂമാണ്. ഇത് പൂട്ടിയിട്ട് മാസങ്ങളായി. ഇതുകാരണം അമ്മമാർ സമീപത്തെ കടകളെയാണ് ആശ്രയിക്കുന്നത്. ഇതിനു വേണ്ടിയുള്ള പഞ്ചായത്ത് വകമുറി സമീപത്ത് പ്രവൃത്തിക്കുന്ന സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ സ്റ്റോർ റൂമായി കൊടുത്തിരിക്കുന്നുവെന്നാണ് പരിസരത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.