തിരുവല്ല: തിരുവല്ലയിലെ തിരുമൂലപുരത്ത് മണിമലയാറിന്റെ തീരത്ത് 35 മീറ്റർ ഭാഗത്ത് മാത്രം സംരക്ഷണഭിത്തി നിർമിക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ പദ്ധതി വിവാദമാകുന്നു. തിരുവല്ല നഗരസഭയിലെ 21ാം വാർഡിൽ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് പിന്നിൽ സംരക്ഷണഭിത്തി നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് നടത്തിയ നീക്കമാണ് വിവാദത്തിലായത്. സംരക്ഷണഭിത്തി നിർമിക്കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന എട്ടോളം മരങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെ വെട്ടിനീക്കി.
നദീതീര സംരക്ഷണത്തിനായി വർഷങ്ങൾക്ക് മുമ്പ് വെച്ചുപിടിപ്പിച്ച ആറ്റുവഞ്ചി അടക്കം മരങ്ങളാണ് വെട്ടിനീക്കിയത്. സംഭവമറിഞ്ഞ് നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി എത്തിയതോടെ മരം വെട്ടാൻ എത്തിയ തൊഴിലാളികൾ സ്ഥലത്തുനിന്ന് മുങ്ങി. വർഷങ്ങളുടെ പഴക്കമുള്ള വൻമരങ്ങൾ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് വെട്ടി നീക്കിയതെന്നാണ് ആരോപണം. മേജർ ഇറിഗേഷൻ വകുപ്പാണ് 15 ലക്ഷം രൂപക്ക് 35 മീറ്റർ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇപ്പോൾ മരങ്ങൾ മുറിച്ച ഭാഗത്ത് മണ്ണിനടിയിൽ പഴയ സംരക്ഷണഭിത്തിയുണ്ടെന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കമ്പി ഉപയോഗിച്ച് കുഴിച്ചപ്പോൾ ഭിത്തിയുടെ ഭാഗങ്ങൾ പുറത്തു കാണുകയും ചെയ്തു. എന്നാൽ, വിവാദ ഭൂമിക്ക് കിഴക്കുഭാഗത്ത് വള്ളംകുളം വരെയുള്ള ഇടങ്ങളിൽ നീളത്തിൽ തീരം ഇടിഞ്ഞിട്ടുണ്ട്. ഇവിടെയൊന്നും തീരംകെട്ടി സംരക്ഷിക്കാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല. കിഴക്കുനിന്ന് വരുമ്പോൾ ആറ് വലത്തേക്ക് തിരിയുന്ന ഭാഗമാണ് ഇവിടം.
വളവുമൂലം ഒഴുക്കിന്റെ ശക്തി എതിർകരയിലായിരിക്കും കൂടുതൽ ഉണ്ടാവുക. തീരം ഇടിച്ചിൽ ഇല്ലാത്തതും അപകടാവസ്ഥ ഇല്ലാത്തുതുമായ സ്ഥലത്ത് ചെറിയ ഭാഗം മാത്രം സർക്കാർ ഖജനാവിൽ നിന്നുള്ള വൻ തുക മുടക്കി ഭിത്തികെട്ടുന്നത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് നാട്ടുകാർ പ്രധാനമായും ഉയർത്തുന്നത്. അതേസമയം, സംഭവം വിവാദമായ പശ്ചാത്തലത്തിൽ നിലവിലെ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായും റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്നും മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.