പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതിയെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു പോക്സോ പ്രിൻസിപ്പൽ കോടതി ഉത്തരവായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതി. ഇയാൾ മദ്യവും കഞ്ചാവും ഉപയോഗിച്ചശേഷം കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കുമ്പഴയിലെ വാടകവീട്ടിൽ കണ്ടെത്തുന്നത്.
ശരീരത്തിലും കഴുത്തിലും മൂർച്ചയേറിയ ആയുധംകൊണ്ട് വരഞ്ഞ പാടുണ്ടായിരുന്നു. അടുക്കള ജോലിക്ക് പോയി മടങ്ങിയെത്തിയ മാതാവാണ് കുട്ടിയെ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയുടെ ശരീരത്തിൽ 60 മുറിവുകളുണ്ടായിട്ടുണ്ട്.
നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. അറസ്റ്റ്ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും രാത്രിയിൽ പൊലീസ് സ്റ്റേഷനിൽനിന്ന് ഓടിപ്പോവുകയും ചെയ്ത പ്രതിയെ പിറ്റേന്ന് രാവിലെ താമസസ്ഥലത്തെ ചാലിൽനിന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ അമ്മയെയും പ്രതിചേർക്കാൻ സാധ്യതയുണ്ട്.
പ്രതിയായ രണ്ടാനച്ഛൻ കുട്ടിയെ മർദിക്കുന്നത് അമ്മ കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു. ഇത് കളവാണെന്ന് തെളിഞ്ഞാൽ അമ്മയും പ്രതിചേർക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.