പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റി വീണ്ടും രംഗത്ത്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി നിയമക്കുരുക്കിൽപെട്ടതായതിനാൽ വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കാൻ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാണാവശ്യം. ആവശ്യം ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിയടക്കമുളളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തു തന്നെ പത്തനംതിട്ടയിൽ വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കും. തുടർന്ന് ഉപവാസ സമരം ഉൾപ്പെടെ സംഘടിപ്പിക്കാനും തിരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്ലാന്റേഷൻ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള കൊടുമൺ എസ്റ്റേറ്റ് 1200 ഹെക്ടർ ഭൂപ്രദേശമാണ്. അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടങ്ങളാണിത്.പത്തനംതിട്ട ജില്ലയ്ക്ക് പൂർണമായും കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഭാഗികമായും വിമാനത്താവളം ഉപയോഗപ്രദമാകും. ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തരെ പമ്പയിലേക്ക് എത്തിക്കാനുള്ള ക്രമീകരണവും ചെയ്യാനാകും. പദ്ധതിയെ ഇരുകൈയും നീട്ടി പ്രവാസികൾ സ്വീകരിച്ചിരിക്കുകയാണെന്നും പദ്ധതിയിൽ മുതൽമുടക്ക് അടക്കം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുള്ളതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ കൊടുമൺ വിമാനത്താവളം ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, ട്രഷറാർ ആർ. പദ്മകുമാർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. വിജയൻ നായർ, ജോൺസൺ കുളത്തുംകരോട്ട്, വി.കെ. സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
റബറിനു വിലയിടിവ് വന്നതോടെ ടാപ്പിങ് നിലച്ച കൊടുമൺ എസ്റ്റേറ്റിൽ ഫാഷൻ ഫ്രൂട്ട്, മത്സ്യക്കൃഷി, പച്ചക്കറി, പ്ലാവ് തുടങ്ങി പുതിയ പരീക്ഷണങ്ങൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. റബർ തടി സംസ്കരണ യൂനിറ്റ് ഉണ്ടായിരുന്നത് അടച്ചുപൂട്ടി. 60 വർഷം പിന്നിട്ടിട്ടും ഇവിടെ ഉത്പാദിപ്പിക്കുന്ന ലാറ്റക്സ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉൽപന്നം നിർമിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കോർപറേഷൻ നഷ്ടത്തിലാകാൻ തുടങ്ങിയതോടെ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമായി. കൊടുമൺ എസ്റ്റേറ്റിൽ മാത്രം ആറ് ഡിവിഷനുകളിൽ 1500 ൽ അധികം തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഡിവിഷനുകളുടെ എണ്ണം രേഖകളിൽ മാത്രം ഒതുങ്ങുകയും തൊഴിലാളികളുടെ എണ്ണം 500 ആയി കുറയുകയും ചെയ്തു.
ന്യായമായ വേതനം ലഭിക്കാത്തതിനാലും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാലും ഭൂരിഭാഗം തൊഴിലാളികളും തോട്ടംമേഖലയിൽ ചുരുക്കം ദിവസങ്ങളിൽ പോയി ജോലി ചെയ്യുകയും ബാക്കി ദിവസങ്ങളിൽ പുറംജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ ജീർണിച്ച് വാസയോഗ്യമല്ലാതായി മാറി. കാട് വെട്ടിമാറ്റാൻ നൂറുകണക്കിന് തൊഴിലാളികളാണ് ഓരോ എസ്റ്റേറ്റിലും ഉണ്ടായിരുന്നത്.
ഇപ്പോൾ ആ തസ്തിക പോലും ഇല്ലാതായി. തൊഴിൽരഹിതരായ തൊഴിലാളികൾക്ക് വിമാനത്താവളം പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും അനന്തമായ തൊഴിൽ സാധ്യതകളാണ് ഉണ്ടാകുന്നത്. പ്രാദേശികമായ വികസനത്തിലൂടെയും സാമ്പത്തികമായ പുരോഗതി ഈ മേഖലകളിലുണ്ടാകും.
ആരെയും കുടിയൊഴിപ്പിക്കാതെയും പരിസ്ഥിതി വിഷയങ്ങളില്ലാതെയും വിമാനത്താവളം നിർമിക്കാനാകുമെന്നതാണ് കൊടുമൺ എസ്റ്റേറ്റിലെ പ്രത്യേകത. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലമായതിനാൽ വന്യജീവി ശല്യമോ ഇതര പരിസ്ഥിതി പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരില്ല. മരങ്ങൾ കൂടുതലായി മുറിക്കേണ്ട ആവശ്യവുമുണ്ടാകില്ല.
ഭൂ പ്രകൃതിയും റൺവേയുമെല്ലാം തികച്ചും അനുയോജ്യമായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർമാണ ആവശ്യത്തിനുള്ള പാറയും മണ്ണും എല്ലാം എസ്റ്റേറ്റിൽ തന്നെ ലഭ്യമാകും.പ്രവാസികളേറെയുള്ള പത്തനംതിട്ട ജില്ലയിൽ തന്നെ വിമാനത്താവളം വരുന്നതിലൂടെ ഇതിന്റെ പ്രയോജനം വലുതായിരിക്കും. നിലവിൽ ഇവിടടെയുളളവർക്ക് തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേക്ക് മണിക്കൂറുകൾ റോഡ് മാർഗം സഞ്ചരിക്കേണ്ട സാഹചര്യമാണ്. റെയിൽവേ സൗകര്യം പരിമിതമായ പത്തനംതിട്ടയിൽ ഒരു വിമാനത്താവളത്തിന്റെ ആവശ്യകത നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണ്.
വിമാനത്താവളം യാഥാർഥ്യമായാൽ കൊടുമണ്ണുമായി ബന്ധപ്പെട്ട് യാത്രാ സൗകര്യവും വിപുലപ്പെടുത്താനാകും. നിർദിഷ്ട പദ്ധതി പ്രദേശത്ത് നിന്നും തീരദേശ, ചെങ്കോട്ട, കോട്ടയം പാതകളിലായി 20 മുതൽ 30 കിലോമീറ്റർ പരിധിയിൽ നാല് റെയിൽവേ സ്റ്റേഷനുകളുമായി ബന്ധമുണ്ടാകും. നിർദിഷ്ട 183 എ ദേശീയ പാത, എം.സി റോഡ്, കെ.പി റോഡ്, പി.എം റോഡ് എന്നിവ വിമാനത്താവളവുമായി ബന്ധപ്പെടുത്താനാകും. പത്തനംതിട്ട ജില്ലയിൽ തന്നെ അഞ്ച് മെഡിക്കൽ കോളജുകളും കൂടാതെ 20 കിലോമീറ്ററിനുള്ളിൽ അഞ്ച് പ്രധാനപ്പെട്ട ആശുപത്രികളുമുണ്ട്.
പത്തനംതിട്ട - കൊടുമൺ - അടൂർ റോഡ് വികസിപ്പിക്കുകയും അനുബന്ധ പാതകളിൽ കോന്നി റോഡും വികസിപ്പിച്ച് ശബരിമലയിലേക്ക് യാത്രാ സൗകര്യം കൂട്ടാം. പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലവിലെ പാതകൾ വികസിപ്പിച്ചെടുക്കാം. അടൂർ, പത്തനംതിട്ട ടൗണുകളുടെ വികസനവും ഇതുവഴി സാധ്യമാകും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.