കോന്നി: ചിറ്റാർ-മണിയാർ റോഡരികിൽ വനഭാഗത്ത് അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു. പിന്നീട് കോന്നി ആനത്താവളത്തിൽ എത്തിച്ച കടുവയുടെ ജഡം വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ഉൾവനത്തിൽ സംസ്കരിച്ചു. കട്ടച്ചിറ എട്ടാം ബ്ലോക്കിൽ വനത്തിനോട് ചേർന്ന റോഡരികിൽ വ്യാഴാഴ്ച രാവിലെ വാഹനയാത്രക്കാരാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വനപാലകർ കടുവയെ പത്തനംതിട്ട ജില്ല മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാൽ, തീരെ അവശനായ കടുവ യാത്രമധ്യേ ചത്തു.
കോന്നി വനം വകുപ്പ് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചാണ് കോന്നി വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയത്. ആറു മാസം പ്രായമുള്ള ആൺ കടുവയാണ് ചത്തത്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി. അജികുമാർ, വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷ്, ചിറ്റാർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ടി.എസ്. അഭിലാഷ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി.പി. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. കടുവ ചത്തത് അണുബാധ മൂലമൊണെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ പല്ലിൽ ഉണ്ടായ മുറിവിൽ നിന്നും രൂപപ്പെട്ട അണുബാധ ആന്തരിക അവയവങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റ്മോർട്ടം ചെയ്തതിനെ തുടർന്ന് ലഭിച്ച പ്രാഥമിക നിഗമനം എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കോന്നി: കോന്നി, റാന്നി വനം ഡിവിഷനുകളോട് ചേർന്ന ജനവാസ മേഖലകളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം പതിവായി. ഈ വർഷം ജൂലൈയിലാണ് കോന്നി അതുമ്പുംകുളത്ത് ആടിനെ ആക്രമിച്ച കടുവയെ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്.
2018ലാണ് കടുവയുടെ ആക്രമണത്തിൽ ആദ്യമായി കോന്നി വനം ഡിവിഷനിൽ ഒരാൾ കൊല്ലപ്പെടുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിൽ കിടങ്ങിൽ കിഴക്കേതിൽ രവിയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുമ്പ് തണ്ണിത്തോട് മേടപ്പാറയിൽ റബർ സ്ലോട്ടർ കരാറുകാരൻ ടാപ്പിങ്ങിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2022 ൽ തണ്ണിത്തോട് തൂമ്പാകുളത്തും കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.
പുലിയുടെ സാന്നിധ്യവും മേഖലയിൽ പലതവണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടൽ ഇഞ്ചപ്പാറയിൽ മൂരിക്കിടാവിനെ ആക്രമിച്ച് കൊല്ലുകയും പാക്കണ്ടത്ത് ആടുകളെ ആക്രമിച്ച് കൊല്ലുകയും ചെയ്ത പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുടുക്കിയത്.
കലഞ്ഞൂർ പഞ്ചായത്തിലെ കുടപ്പാറയിലും തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളത്തും പുലിയുടെ സാന്നിധ്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ജനുവരിയിലാണ് മലയാലപ്പുഴ കടവുപുഴയിലെ കുറുമ്പറ്റിയിൽ കടുവയെയും പുലിയുടെ കാൽപാടുകൾ കണ്ടതായും അഭ്യൂഹമുണർന്നത്. 2020 മുക്കുഴി കുമ്പളത്താമണ്ണിലും വട്ടത്തറ കോടമല ക്ഷേത്രത്തിന് സമീപവും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.