കോന്നി: തീർഥാടനം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഏറ്റവും അധികം തീർഥാടകർ കാൽനടയായെത്തുന്ന കാനനപാതയോടെ കനത്ത അവഗണന. ശബരിമല മണ്ഡലകാലത്ത് ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന അച്ഛൻകോവിൽ-കല്ലേലി-കോന്നി ശബരിമല കാനനപാത അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നു.
തമിഴ്നാട് കുറ്റാലത്തുനിന്ന് ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ, ആവണിപ്പാറ, മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ, കല്ലേലി, നടുവത്തുമൂഴി, അരുവാപ്പുലം വഴി എലിയറക്കൽ എത്തുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. അച്ചൻകോവിലിൽനിന്ന് പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ പദ്ധതി തയാറാക്കിയിരുന്നു. അതിനായി 100 കോടിയും അനുവദിച്ചിരുന്നു. പിറവന്തൂർ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ വഴിയാണ് റോഡ് കടന്നുപോകുന്നത്.
ചെങ്കോട്ടയിൽനിന്ന് വരുന്ന ശബരിമല തീർഥാടകർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോന്നിവഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് പാത. കോന്നി, റാന്നി വനം ഡിവിഷനുകളിലൂടെ കടന്നുപോകുന്ന കാനനപാത വീതി കൂട്ടണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
റോഡ് നിർമാണത്തിന് ഏറ്റെടുക്കേണ്ട വനഭൂമിയുടെ സർവേയും പൂർത്തിയായിരുന്നു. നിലവിലുള്ള പാത സഞ്ചാരയോഗ്യമല്ല. സംസ്ഥാന പാതയിൽ എലിയറക്കലിൽ ഈ റോഡിന്റെ സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ശബരിമല ദർശനം കഴിഞ്ഞ് പകുതിയിൽ അധികം ആളുകളും അച്ഛൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരാൻ ഈ പാതയാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ മാപ്പിലും ഈ റോഡ് ഇടം നേടിയിട്ടുണ്ട്.
റോഡ് തകർച്ച കൂടാതെ ഈ വഴി വാഹനങ്ങൾ കടന്നുപോകുന്നതിൽ വനം വകുപ്പിന്റെ തടസ്സവും യാത്രക്കാരെ വലക്കുന്നു. എലിയറക്കലിൽനിന്ന് യാത്ര ചെയ്ത് കല്ലേലി ചെക്ക്പോസ്റ്റിൽ എത്തുമ്പോഴാണ് യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവരം അയ്യപ്പഭക്തർ അറിയുന്നത്. ഇതോടെ വാഹനങ്ങൾ തിരികെ പോകും. ഇരുചക്രവാഹനങ്ങൾ കടത്തിവിടുന്നുണ്ട്. നടുവത്തുമൂഴി വന മേഖലയിലെ ചപ്പാത്ത് തകർന്നുകിടക്കുന്നതും യാത്ര ദുരിതം സൃഷ്ടിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിലെ 300 മീറ്റർ ഭാഗം ടാർ ചെയ്തിരുന്നു.
എന്നാൽ, ശക്തമായ മഴയിൽ ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഈ വഴി വനം വകുപ്പ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. റോഡ് സഞ്ചാര യോഗ്യമായാൽ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിൽനിന്ന് ശബരിമലക്ക് വരുന്ന തീർഥാടകർക്ക് ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ വഴിയുള്ള ചുറ്റി കറക്കം ഒഴിവാക്കാൻ കഴിയും.
അതുപോലെ കൊല്ലം, തിരുമംഗലം ദേശീയ പാതയിൽ എസ് വളവിലെ തിരക്കും ഒഴിവാക്കാം. കല്ലേലി ചെക്ക്പോസ്റ്റ് മുതൽ കൊക്കാത്തോട് പാലം വരെ റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്താത്തത് കാരണം രണ്ട് വാഹനങ്ങൾക്ക് ഇരുവശത്തേക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനും പരിഹാരം ആവശ്യമാണ്. അനുബന്ധമായ റോഡുകളിൽ പലയിടത്തും അറ്റകുറ്റപ്പണിയും കാട് തെളിക്കുന്ന ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.