കോന്നി: മൺപിലാവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന ചെരിഞ്ഞ സംഭവം സ്ഫോടകവസ്തു മൂലമെന്ന നിഗമനത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വനംവകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തി. ആന ചെരിഞ്ഞ പ്രദേശത്ത് വന്യമൃഗങ്ങളെ ആപായപ്പെടുത്താനുള്ള സ്ഫോടക വസ്തുക്കളോ കുരുക്കുകളോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിരച്ചിൽ നടത്തിയത്.
വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലെ സ്നിഫർ ഡോഗ് ജെന്നി, ജൂലി തുടങ്ങിയ നായ്ക്കളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കൊല്ലൻപടി, മൺപിലാവ്, വിലൂന്നിപറ എന്നിവിടങ്ങളിലായിരുന്നു തിരച്ചിൽ.
വരും ദിവസങ്ങളിലും തിരച്ചിൽ തുടരും വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. രതീഷ്, റാന്നി ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.എസ്. സജീവ്, തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. റെജികുമാർ, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരായ എം.കെ. ഗോപകുമാർ, കെ.എസ്. ശ്രീരാജ്, വി. രവികുമാർ, ഐശ്വര്യ സൈഗാൾ, ടി. കൃഷ്ണപ്രീയ, ജി. ബിജു, ജോബിൾ ഐസക് തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മൺപിലാവ് മരങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണണന്റെ പറമ്പിൽ അവശനിലയിൽ കാണപ്പെട്ട കാട്ടാനയെ രാത്രി എട്ടരയോടെ ചെരിയുന്നത്.
മരണകാരണം വ്യക്തമല്ലാത്തതിനാൽ സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനഫലം പുറത്തുവന്നെങ്കിൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.