കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകകരിക്കുന്നത്തിന്റെ ഭാഗമായി താലൂക്കിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
കോന്നി മണ്ഡലത്തിൽ 175 ഡെങ്കിപ്പനി കേസാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 37 കൺഫോം കേസും 136 സസ്പെക്ടഡ് കേസും വിവിധ പഞ്ചായത്തുകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സീതത്തോട്ടിൽ 41 പേർക്കും ചിറ്റാറിൽ നാലുപേർക്കും തണ്ണിത്തോട്ടിൽ 20 പേർക്കും മലയാലപ്പുഴയിൽ ആറു പേർക്കും മൈലപ്രയിൽ ഒരാൾക്കും കോന്നിയിൽ 24 പേർക്കും അരുവാപ്പുലത്ത് 37 പേർക്കും പ്രമാടം പഞ്ചായത്തിൽ 13 പേർക്കും കലഞ്ഞൂരിൽ നാലുപേർക്കും ഏനാദിമംഗലത്ത് നാലുപേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ മൂന്നരട്ടി കേസാണ് റിപ്പോർട്ട് ചെയ്തതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നന്ദിനി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. അഞ്ചിന് എല്ലാ പഞ്ചായത്തിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേരും. യോഗത്തിൽ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പഞ്ചായത്ത് അധികൃതർ, സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ആറ്, ഏഴ് തീയതികളിൽ മണ്ഡലത്തിലെ എല്ലാ വാർഡിലും യോഗം ചേരാനും തീരുമാനിച്ചു. എട്ടിന് രാവിലെ ഒമ്പതു മുതൽ മണ്ഡലത്തിലെ പഞ്ചായത്തിലെ എല്ലാ വാർഡിലും 25,000 ആളുകളെ പങ്കെടുപ്പിച്ച് പ്രധിരോധ പ്രവർത്തനവും ശുചീകരണ പ്രവർത്തനവും ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനവും സംഘടിപ്പിക്കും. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിൽ കേസ് വർധിക്കുന്ന സാഹചര്യം ഉണ്ടായത് അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മാലിന്യം ശരിയായ വിധത്തിൽ സംസ്കരിക്കാൻ കഴിയാത്തതിനാലാണെന്ന് ആരോഗ്യ വിഭാഗം യോഗത്തെ അറിയിച്ചു.
എന്നാൽ, ഈ മാലിന്യം ഉടൻ സംസ്കരിക്കാൻ നടപടി സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. കോന്നി മണ്ഡലത്തിലെ റബർ തോട്ടങ്ങളിലെ അടിക്കാടുകൾ തെളിക്കാത്തത് കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നെന്നും ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു. നാരായണപുരം ചന്തയിലെ ഇൻസുലേറ്റർ പ്രവർത്തനരഹിതമാണെന്നും ഇത് അടിയന്തരമായി നന്നാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീജ പി. നായർ, രാജഗോപാലൻ നായർ, ഷാജി കെ. ശാമുവേൽ, രജനി ജോഷി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.