കോന്നി: ഉന്നയിക്കപെടുന്ന വിഷയങ്ങളിൽ മറുപടി പറയേണ്ട ഉദ്യോഗസ്ഥർ സ്ഥിരമായി പങ്കെടുക്കാതിരിക്കുന്നതിനെതിരെ കോന്നി താലൂക്ക് വികസനസമിതി യോഗത്തിൽ രൂക്ഷ വിമർശനം. ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ ഉൾപ്പെടെ ആലോചിക്കാൻ ചേർന്ന യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആരുംതന്നെ പങ്കെടുത്തില്ല.
തുടർന്ന് കോന്നി പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി കലക്റ്റർ മിനി കെ. തോമസ് വിളിച്ചുവരുത്തി. തുടർച്ചയായി വിട്ടുനിൽക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി കലക്റ്റർ താക്കീത് നൽകി. കൂടാതെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്നതിലും രൂക്ഷവിമർശനം ഉണ്ടായി.
ജൽജീവൻ പദ്ധതി പ്രകാരം വിവിധ ഗ്രാമ പഞ്ചായത്തുകളിൽ വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ അടിയന്തിരമായി നന്നാക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണമെന്ന് വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ഒന്നര വർഷകാലമായി പൊളിച്ചിട്ടിരിക്കുന്ന കോന്നി -പേരൂർ കുളം സ്കൂളിൽ യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ല. കെട്ടിടം പൊളിച്ചിട്ടിരിക്കുന്നതിനാൽ ബി.ആർ.സി യുടെ പ്രവർത്തനം അവതാളത്തിലായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിൽ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കെ.എസ്.ടി.പി യുടെ ചുമതലയിൽ നിർമ്മാണം നടന്ന പുനലൂർ -മൂവാറ്റുപുഴ പാതയിൽ മല്ലശേരിമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണ്. ചിലയിടത്ത് വാഹനങ്ങൾ വളരെ അടുത്ത് എത്തിയ ശേഷമാണ് കാണാൻ സാധിക്കുന്നത്. ഇത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിർമ്മാണം നടക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ സാമൂഹിക വിരുദ്ധരുടെ തവളമായി മാറിയിട്ട് പൊലീസ് നടപടി സ്വീകരിക്കുന്നില്ല.
എം.എൽ.എ പടി റോഡിൽ തടികയറ്റുന്നതിന് എതിരെ നടപടി സ്വീകരിക്കണം. കോന്നിയിൽ വിതരണം ചെയ്യുന്ന വാട്ടർ കുടിവെള്ളം ഉപയോഗ ശൂന്യമാണ്. ഇത് പരിശോധിക്കാൻ നടപടി വേണം. കല്ലേലി ഭാഗത്ത് കാട്ടാന ശല്യം വർധിക്കുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യത്തിന് ജനങ്ങളുടെ സുരക്ഷക്കായി രാത്രികാലങ്ങളിൽ ഗാർഡിനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് കത്ത് നൽകാൻ യോഗം തീരുമാനിച്ചു. വർഷങ്ങളായി നിർത്തിവെച്ചിരിക്കുന്ന കരിമാൻതോട് കെ.എസ്.ആർ.ടി.സി സർവീസ് പുന:രാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.
സ്വകാര്യ ബസുകാരെ സഹായിക്കാൻ ആണ് കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിയതെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. കോന്നി സെൻട്രൽ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ഇത് പരിഹരിക്കണം. കോന്നി പഞ്ചായത്ത് കടവ് പാലത്തിന് അടിയിൽ അടിഞ്ഞുകൂടുന്ന തടികൾ കാരണം പാലത്തിന് ബലക്ഷയം ഉണ്ടാവുകയും തീരം ഇടിയുന്നതിന് കാരണമാകുകയും ചെയ്യും. ഇത് നീക്കം ചെയ്യാൻ വനപാലകർ തയാറാകണം എന്ന് കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കല്ലേലി - അച്ചൻകോവിൽ റോഡിൽ ഉളിയനാട് ഭാഗത്ത് തകർന്ന കലുങ്ക് പുന:സ്ഥാപിക്കണമെന്നും അല്ലെങ്കിൽ അയ്യപ്പ ഭക്തർ അസൗകര്യമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ചിറ്റാർ, മലയാലപുഴ, കല്ലേലി ഭാഗങ്ങളിൽ വർധിച്ചുവരുന്ന കാട്ടാനശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. കോന്നിയിൽ സീബ്ര ലൈനുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം. കോന്നിയിലെ അനധികൃത പാറ ഖനനം തടയണമെന്നും യോഗം അവശ്യപ്പെട്ടു. ചിറ്റാറിൽ പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി കലക്റ്റർ മിനി കെ. തോമസ്, തഹൽസീദാർ എം.എസ്. വിജുകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.