കോന്നി: ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാതെ വനം വകുപ്പ്.
കേന്ദ്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലാണ് പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇട്ടിരിക്കുന്നത്. എന്നാൽ, നൂറുകണക്കിന് ആളുകൾ വരുന്ന സവാരി കേന്ദ്രത്തിൽ ഇവ യഥാസമയം നീക്കം ചെയ്യാതെ വന്നതോടെ കുന്നുകൂടി.
മുമ്പ് തൽക്കാലികമായി സ്ഥാപിച്ച മാലിന്യം ശേഖരിക്കുന്ന പെട്ടിയിലും മാലിന്യവും നീക്കിയിട്ടില്ല. ഇപ്പോൾ ഇത് കാടുകയറി കിടക്കുന്ന അവസ്ഥയാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ കുന്നുകൂടിയപ്പോൾ കുരങ്ങ് അടക്കമുള്ള വന്യജീവികളുടെ ശല്യവും വർധിച്ചു. പ്ലാസ്റ്റിക് മാലിന്യം കുരങ്ങുകൾ ഭക്ഷിക്കുന്നത് പതിവായിമാറി. അടവിയിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തണ്ണിത്തോട് ആരോഗ്യവകുപ്പ് അധികൃതർ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വനം വകുപ്പിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചതുമില്ല. കൂടാതെ ഇവിടെയുള്ള ബയോ ഗ്യാസ് ടാങ്കിന് മൂടിയും ഇല്ലെന്നും ആക്ഷേപമുണ്ട്. വിനോദ സഞ്ചാരികൾ വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം കളയുന്നത് തടയുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികളിൽ ഒന്ന് തുഴച്ചിലുകാരൻ ഉപേക്ഷിച്ചുപോയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. തുഴച്ചിൽ അവസാനിച്ച ശേഷം കുട്ടവഞ്ചികൾ തൊഴിലാളികൾ തന്നെ തിരികെ യഥാസ്ഥാനത്ത് വെക്കുന്നതാണ് പതിവ്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു കുട്ടവഞ്ചി മാത്രം നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സവാരി അവസാനിച്ച ശേഷം രാത്രിയിൽ എത്തിയ വാച്ചർ ജോലിക്കാരാണ് വഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടതായി വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുന്നത്.
തുടർന്ന് എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ ആളുകൾ ചേർന്ന് രാത്രി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുകയും വഞ്ചി നദിയിൽനിന്ന് എടുക്കുകയുമായിരുന്നു. വഞ്ചി ഉപേക്ഷിച്ചുപോയ തുഴച്ചിലുകാരനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ ഹൊഗനക്കലിൽനിന്ന് എത്തിച്ചതാണ് ഇവ.
കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ശൗചാലയ മാലിന്യം പൊട്ടി ഒഴുകുവാൻ തുടങ്ങിയിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പഴയ ശുചിമുറിയിൽ നിന്നുമാണ് മാലിന്യം ഒഴുകുന്നത്. മാലിന്യം ഒഴുകുവാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
മുമ്പ് സെപ്റ്റിക് ടാങ്ക് നിർമിച്ചപ്പോൾ ചെറിയ ടാങ്കാണ് നിർമിച്ചതെന്നും പരാതിയുണ്ട്. ഓണനാളുകളിൽ നിരവധി വിനോദസഞ്ചാരികൾ വന്നുപോയ സ്ഥലമാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. ഇതിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് പൊട്ടിയൊഴുകുന്ന ടാങ്കുള്ളത്. ഇടക്കിടെ മഴ പെയ്യുന്നതിനാൽ മാലിന്യം കല്ലാറിൽ പതിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ബന്ധപ്പെട്ട വനം വകുപ്പ് അധികൃതർ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.