പത്തനംതിട്ട: ജില്ലയിലെ വൈദ്യുതി വിതരണ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി പുതിയ പദ്ധതി നടപ്പാക്കുന്നു. ശബരി ലൈൻസ് ആൻഡ് സബ്സ്റ്റേഷൻ പാക്കേജ് എന്ന പേരിലാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖലയുടെ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനുമുള്ള ട്രാൻസ്ഗ്രിഡ്-2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ട്രാൻസ്ഗ്രിഡിന്റെ രണ്ടാംഘട്ട പദ്ധതികളിൽപെടുത്തി 244 കോടി രൂപയുടെ ഭരണാനുമതിയും പദ്ധതിക്ക് ലഭിച്ചു. പാക്കേജിൽ ശബരിഗിരി, ഇടമൺ, കൂടൽ, പത്തനംതിട്ട, അടൂർ-ഇടപ്പോൺ എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽക്കൂടി കടന്നുപോകുന്ന 55.10 കിലോമീറ്റർ 220 കെ.വി ഡബിൾ സർക്യൂട്ട്, 220, 110 കെ.വി മൾട്ടി വോൾട്ടേജ് മൾട്ടി സർക്യൂട്ട് ലൈനുകൾ ബന്ധിപ്പിക്കും. ശബരിഗിരി, അമ്പലമുകൾ എന്നീ 220 കെ.വി സബ്സ്റ്റേഷനുകളെ പുതുതായി നിർമിക്കുന്ന 220 കെ.വി സബ്സ്റ്റേഷനുമായും ബന്ധിപ്പിക്കും. വാലുപാറ മുതൽ കക്കാട് വരെ 1.9 കിലോമീറ്റർ 220 കെ.വി ഡബിൾ സർക്യൂട്ട് ലൈനുകളുടെ നിർമാണം ത്വരിതഗതിയിൽ നടന്നുവരുകയാണ്.
പാക്കേജിന്റെ ഭാഗമായാണ് ചൊവ്വാഴ്ച 43.21 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന കക്കാട് 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം നടത്തിയത്. 18 മാസത്തിനുള്ളിൽ ഈ പദ്ധതി കമീഷൻ ചെയ്യും. കൊൽക്കത്തെ ആസ്ഥാനമായ ടെക്നോ ഇലക്ട്രിക്കൽ ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിനാണ് നിർമാണച്ചുമതല. പരിപാലനച്ചെലവ് ഗണ്യമായി കുറഞ്ഞതും തടസ്സസാധ്യതകൾ തുലോം കുറവായതുമായ അത്യാധുനിക ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന സബ്സ്റ്റേഷൻ ആയതിനാൽ നിർമാണത്തിന് വളരെ കുറച്ച് സ്ഥലംമാത്രമാണ് ആവശ്യമുള്ളത്. നിലവിലെ പരമ്പരാഗത എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ അതിനാവശ്യമായ സ്ഥലത്തിന്റെ 40 ശതമാനം സ്ഥലം മാത്രമേ സബ്സ്റ്റേഷനുകൾക്ക് ആവശ്യമുള്ളൂ.
പ്രതിവർഷം 194 ലക്ഷം യൂനിറ്റ് ലാഭിക്കും
ശബരിലൈൻ ആൻഡ് സബ്സ്റ്റേഷൻ പാക്കേജ് കമീഷൻ ചെയ്യുന്നതോടെ കെ.എസ്.ഇ.ബിക്ക് പ്രതിവർഷം 194 ലക്ഷം യൂനിറ്റ് വൈദ്യുതി ലാഭിക്കാനാകും. പ്രസരണനഷ്ടം കുറക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. നാല് മെഗാവാട്ട് ശേഷിയുള്ള വൈദ്യുതോൽപാദനനിലയം സ്ഥാപിക്കാൻ തുല്യമായ നേട്ടമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
കക്കാട് നിർമിക്കുന്ന സബ്സ്റ്റേഷനിൽ 100 എം.വി.എ ശേഷിയുള്ള ട്രാൻസ്ഫോർമറാണ് സ്ഥാപിക്കുക. സബ്സ്റ്റേഷനിലേക്ക് 220 കെ.വി ശബരിഗിരി - അമ്പലമുകൾ ലൈനിൽ വാലുപാറനിന്നും കക്കാട് വരെ 1.9 കിലോമീറ്റർ ലൈൻ സ്ഥാപിച്ച് ബന്ധിപ്പിക്കും. 220 കെ.വിയുടെ ഡി.സി ലൈനും പുതിയ കക്കാട് സബ്സ്റ്റേഷനും കക്കാട് പവർ ഹൗസ് സബ്സ്റ്റേഷനും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ 110 കെ.വി ഭൂഗർഭ കേബിൾ സ്ഥാപിക്കലും നിർമാണ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.