പത്തനംതിട്ട: ഏപ്രിൽ 26ന് നടന്ന കേരളത്തിലെ വോട്ടെടുപ്പിന് ശേഷം യു.ഡി.എഫ് സ്ഥാനാർഥിയായ ആന്റോ ആന്റണി പറന്നെത്തിയത് പഞ്ചാബിലേക്കാണ്. ജൂൺ ഒന്നിലെ അവസാന ഘട്ട വോട്ടെടുപ്പിലാണ് പഞ്ചാബ് ഇടംപിടിച്ചിരുന്നത്. ഇവിടുത്തെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിൽ ആന്റോ ആന്റണിയും ഉൾപ്പെട്ടിരുന്നു. പഞ്ചാബിലും മികച്ച പ്രതീക്ഷയാണ് കോൺഗ്രസിനുള്ളതെന്നും മികച്ച പ്രചാരണമാണ് നടത്തിതെന്നും ആന്റോ ആന്റണി പറഞ്ഞു.ഇത്തവണ കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടാകും. പഞ്ചാബിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ആന്റോ ആന്റണി വോട്ടെണ്ണുന്ന ചൊവ്വാഴ്ച രാവിലെ വീട്ടിലും പിന്നീട് ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിലുമുണ്ടാകും.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽനിന്ന് കഴിഞ്ഞ മൂന്നുതവണത്തെയും പോലെ ഇത്തവണയും വൻഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് സിറ്റിങ് എം.പിയായ ആന്റോ ആന്റണി. പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപവത്കരിച്ചതു മുതൽ ജില്ലയിലെ ജനങ്ങളുടെ പിന്തുണ തനിക്കാണ്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. പ്രചാരണ കാലത്ത് ജനങ്ങളിൽ നിന്ന് ആവേശകരമായ പിന്തുണ ലഭിച്ചു. പ്രചാരണവേളയിലെ ഓരോ പ്രവർത്തനത്തിലും അവരുടെ വലിയ പങ്കാളിത്തം തന്നെയുണ്ടായി. പ്രചാരണ വേളയിൽ മികച്ച പ്രവർത്തനം നടത്താൻ തനിക്കും പാർട്ടിക്കും സാധിച്ചു. പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുള്ളതിനാലാണ് മൂന്ന് തവണയും അവർ തെരഞ്ഞെടുത്തത്. ഇത്തവണയൂം അതുതന്നെ സംഭവിക്കും.
പത്തനംതിട്ട: പതിവ് പ്രചരണരീതികളിൽ നിന്നും വ്യത്യസ്തമായി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തിയ്ക്കാൻ സാധിച്ചതായി തോമസ് ഐസക്ക് പറഞ്ഞു. തന്റെ 55 പുസ്തകങ്ങളും ബൂത്തുകൾ വഴി ജനങ്ങളിലേക്ക് എത്തിയിരുന്നു. പുസ്തകവണ്ടികളും സുഹൃത്തുക്കൾ ചേർന്നുള്ള പുസ്തക വിൽപ്പനയുമൊക്കെ പുതിയ രീതികളും അനുഭവങ്ങളുമായിരുന്നു. ജനങ്ങളോട് വോട്ട് ചോദിക്കുന്നതിലും കൂടുതൽ എനിയ്ക്ക് അവരെയും അവർക്ക് എന്നെയും മനസിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. അതിൽ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു താഴെ തട്ടിൽ സംഘടിപ്പിച്ച മുഖാമുഖം സംവാദം. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ജില്ലയിൽ തന്നെയുണ്ടാകും-തോമസ് ഐസക് പറഞ്ഞു.
പത്തനംതിട്ടയിൽ നിന്ന് തന്റെ മിന്നും വിജയം ഉറപ്പാണെന്ന് തോമസ് ഐസക് പറഞ്ഞു. വിജ്ഞാപനം വരുന്ന സമയത്ത് താൻ ഇവിടെയൊരു നവാഗതനായിരുന്നു. അന്ന് ഏറ്റവും പിന്നിൽ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു എക്സിറ്റ് പോളോ മറ്റ് നിഗമനങ്ങളുടെ ഉറപ്പുകളോ ഇല്ലാതെ താൻ ഭൂരിപക്ഷത്തോടെ വിജയിക്കും. വോട്ട് ചോദിക്കുന്നതിലും കൂടുതൽ ഇവിടുത്തെ ജനങ്ങൾക്ക് തോമസ് ഐസക് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തമായി പക്ഷംചേരാത്ത ഒരു വലിയ കൂട്ടം ആളുകളുള്ള സ്ഥലമാണ് പത്തനംതിട്ട. അതിനാൽ തന്റെ വ്യക്തിത്വം മനസിലാക്കിയ അവരോരോരുത്തരും മികച്ച പിൻതുണ നൽകിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
പത്തനംതിട്ട: ബി.ജെ.പി ദേശീയ സെക്രട്ടറിയായ അനിൽ കെ. ആന്റണി ഗോവ, പഞ്ചാബ് , കർണ്ണാടക സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലകളിലുണ്ടായിരുന്നു. കേരളത്തിലെ വോട്ടെടുപ്പിന് പിന്നാലെ അനിൽ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. 30 ദിവസത്തോളം ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഇതിനിടയിൽ ബിലീവേഴ്സ് സഭ പരമാധ്യക്ഷൻ ബിഷപ്പ് ഡോ. കെ.പി യോഹന്നാന്റെ സംസ്കാര ചടങ്ങുകൾക്കാണ് ജില്ലയിലേക്ക് മടങ്ങിയത്. തിരിച്ച് പഞ്ചാബിലേക്ക് പോയി. വ്യക്തിപരമായ തിരക്കുകൾ കഴിഞ്ഞാൽ തിങ്കളാഴ്ച വൈകിട്ട് പത്തനംതിട്ടയിൽ എത്തും.
ലോക്സഭയിലേക്ക് തന്റെ വിജയം ഉറപ്പാണെന്ന് അനിൽ കെ. ആന്റണി പറഞ്ഞു. വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകൾ അടിസ്ഥാനമാക്കി 30,000 മേൽ ഭൂരിപക്ഷത്തിൽ താൻ ജയിക്കും. കഴിഞ്ഞ പ്രാവശ്യം ബി.ജെ.പിക്ക് ലഭിച്ചതിന് പുറമെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും വോട്ട് കിട്ടും എന്നാണ് പ്രതീക്ഷ. ചില സഭകൾ പരസ്യപിന്തുണ പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. പോൾ ചെയ്തതതിൽ 35 ശതമാനം വോട്ട് എൻ.ഡി.എ ക്ക് ലഭിക്കും. പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകില്ല. 55 ദിവസത്തെ പ്രചാരണ പ്രവർത്തനത്തിടെ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാൻ കഴിഞ്ഞു- അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.