കോന്നി: 20 വർഷത്തിലധികമായി മലിനജലം കെട്ടിക്കിടക്കുന്ന മയൂർ ഏല പകർച്ചവ്യാധികളുടെ പ്രധാന ഉറവിടം. കോന്നിയിൽ ഡെങ്കിപ്പനിയും പകർച്ചവ്യാധികളും വ്യാപകമാകുമ്പോൾ കോന്നി ഗ്രാമപഞ്ചായത്തിെൻറ മൂക്കിനു താഴെയുള്ള കോന്നി മയൂർ ഏലായിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ നടപടിയില്ല. കോന്നി ഗ്രാമ പഞ്ചായത്തിലെ 17ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമായ മയൂർ ഏലായിൽ വർഷങ്ങളായി മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
കോന്നി നഗരത്തിലെ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അടക്കമുള്ള മാലിന്യം ഈ ഏലായിലേക്കാണ് ഒഴുക്കുന്നത്. ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഏലാ സ്ഥിതി ചെയ്യുന്നത് കോന്നി നഗരമധ്യത്തിൽ ആയതിനാൽ തന്നെ ഇവിടെനിന്ന് പകരുന്ന രോഗങ്ങൾ കോന്നിയിൽ എത്തുന്ന ആളുകൾവഴി നിരവധി സ്ഥലങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യതയും ഏറെയാണ്. കോന്നിയിലെ ഹോട്ടലുകൾ അടക്കമുള്ള പല സ്ഥാപനങ്ങളിൽനിന്നും പൈപ്പുകൾ സ്ഥാപിച്ച് ഇതുവഴിയാണ് മലിനജലം ഏലായിലേക്ക് ഒഴുക്കിവിടുന്നത്.
ആരോഗ്യവകുപ്പും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല. കോന്നി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരം മാത്രമാണ് ഏലാ സ്ഥിതി ചെയ്യുന്നിടത്തേക്ക് ഉള്ളത്. മലിനജലം കെട്ടിക്കിടക്കുന്നതിന്റെ സമീപം ജനവാസ മേഖലയിലേക്ക് പോകുന്ന നടപ്പാതയുമുണ്ട്. മലിനജലം കെട്ടിക്കിടക്കുന്ന ഈ വഴിയിലൂടെയാണ് നാട്ടുകാർ യാത്രചെയ്യുന്നത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്നുവെന്ന് കോന്നി ഗ്രാമപഞ്ചായത്ത് അവകാശപ്പെടുമ്പോഴും വർഷങ്ങളായി മലിനജലം കെട്ടിക്കിടക്കുന്ന ഈ പ്രദേശത്തേക്ക് അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.
മത്സ്യ മാംസാവശിഷ്ടങ്ങൾ വരെ ഈ മലിനജലത്തിൽ ഉപേക്ഷിക്കുന്നുണ്ട്. കൊതുക്, എലികൾ എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. കാടുകയറി കിടക്കുന്ന ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും വർധിക്കുന്നുണ്ട്. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പകർച്ചപ്പനിയും മഴക്കാല രോഗങ്ങളെയും വ്യാപകമാകുന്ന സാഹചര്യത്തിൽ മയൂർ ഏലായിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.