പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കന്നുകാലികള്‍ക്ക് ആര്.എഫ്.ഐ.ഡി മൈക്രോചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.കര്‍ഷകനായ കല്ലറക്കടവ് മേലേമറ്റത്ത് ജയകുമാറിന്റെ വീട്ടിലെ കന്നുകാലിക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ എസ്. സുജാദേവി മൈക്രോചിപ്പ് കുത്തിവെച്ചു.
കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പദ്ധതി ആദ്യമായി നടപ്പാകുന്നത് പത്തനംതിട്ട ജില്ലയിലാണ്. കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 60,175 കന്നുകാലികള്‍ക്കാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്. നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന്റെ ന്യൂനതകള്‍ പരിഹരിച്ചാണ് പുതിയ തിരിച്ചറിയില്‍ സംവിധാനമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗിങ് അഥവാ മൈക്രോചിപ്പ് ടാഗിങ് നടത്തുന്നത്.
ശാസ്ത്രീയമായ ആനിമല്‍ ഐഡന്റിഫിക്കേഷന്‍ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഓരോ മൃഗങ്ങളുടെയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഡേറ്റ ബേസ് സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് പിന്നീട് ഡേറ്റ അനലറ്റിക്സ്, ബ്രീഡിങ് മാനേജ്മെന്റ്, പെഡിഗ്രി റെക്കോഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വിസ്, ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍, ഭാവിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവക്കായി ഉപയോഗിക്കാം.ബയോ കോമ്പാക്ടബിള് ഗ്ലാസുകൊണ്ടു നിര്‍മിച്ച, 12 മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉള്ളതും മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും പാർശഫലങ്ങൾ ഉണ്ടാക്കാത്തതുമായ ഇലക്ട്രോണിക് ചിപ്പാണ് കന്നുകാലികളില്‍ ഘടിപ്പിക്കുന്നത്.
പ്രത്യേക മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ചാണ് ഇതില്‍ രേഖപ്പെടുത്തിയ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസ്സിലാക്കേണ്ടത്. ഈ നമ്പര്‍ പ്രത്യേകം ആവിഷ്കരിക്കുന്ന സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫ്റ്റ് വെയറില്‍ എത്തുകയും അതിലുള്ള വിവരശേഖരണത്തില്‍നിന്ന് വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും സാധിക്കും. കേരള പുനര്‍നിര്‍മാണ പദ്ധതിയിലൂടെ 7.52 കോടി സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി പത്തനംതിട്ടയില്‍ നിര്‍വഹിച്ചിരുന്നു. ഫീല്‍ഡുതല പ്രവര്‍ത്തനാരംഭത്തില്‍ പത്തനംതിട്ട മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. രാജേഷ് ബാബു, പ്രോജക്ട് ഓഫിസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കി ദാസ്, ഡോ. വാണി ആര്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.