പത്തനംതിട്ട: കുട്ടികള്‍ക്ക് ആരോഗ്യപൂര്‍വമായ ബാല്യകാലം ലഭിക്കുന്നതിന് ‘മിഷന് ഇന്ദ്രധനുഷ് ’ കാമ്പയിന് വിജയകരമാക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇമ്യൂണൈസേഷന് ജില്ലതല ടാസ്ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ദൗത്യത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കേണ്ട പ്രായത്തിലും കൃത്യസമയത്തും എടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും രോഗ പ്രതിരോധ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനാണ് മിഷന് ഇന്ദ്രധനുഷ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടത്തിലായി നടക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാം.
ആദ്യഘട്ടം ആഗസ്റ്റ് ഏഴു മുതല്‍ 12വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയും നടക്കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാം.
പ്രായാനുസൃതമായി പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ടു വയസ്സുവരെയുള്ള കുട്ടികളെയും എം.ആര് 1, 2 (മീസില്‍സ്, റുബെല്ല ) വാക്സിന് ഡോസുകള്‍, ഡി.പി.ടി, ഒ.പി.ടി ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടില്ലാത്ത രണ്ട് മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കും വാക്സിന് സ്വീകരിച്ചിട്ടില്ലാത്തതോ ഭാഗികമായി സ്വീകരിച്ചിട്ടുള്ള ഗര്‍ഭിണികള്‍, 2018 ആഗസ്റ്റ് ആറിനോ അതിന് ശേഷമോ ജനിച്ചിട്ടുള്ള ഒന്നോ അതിലധികമോ പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളെയും ഉദ്ദേശിച്ചാണ് കാമ്പയിന് നടത്തുന്നത്.
വിവരശേഖരണം, ബോധവത്കരണം, ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള സർവേ, പ്രതിരോധ കുത്തിവെപ്പിന് ശേഷം യുവിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷന് പ്രോഗ്രാം പൂര്‍ത്തിയാകുന്നത്.യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്. നന്ദിനി, ആർ.സി.എച്ച് ഓഫിസര്‍ ഡോ. കെ.കെ. ശ്യാം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.