ചുങ്കപ്പാറ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലം വന്നു. എന്നാൽ യാത്രാക്ലേശത്തിന് പരിഹാരമില്ല. കോട്ടയം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമിച്ച കോട്ടാങ്ങൽ- കടൂർക്കടവ്- മുണ്ടോലിക്കടവ് പാലത്തിൽ കൂടി ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സംസ്ഥാനത്ത് അതിവേഗം നിർമാണം പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഈ പാലത്തിനുണ്ട്. പൊൻകുന്നം - കോഴഞ്ചേരി, കോട്ടയം - എരുമേലി സർവിസുകൾ ആരംഭിച്ചാൽ ഈ സ്ഥലങ്ങളിലേക്ക് എത്തുന്നതിന് കിലോമീറ്ററുകൾ ലാഭിക്കാം.
ഇത് ഗ്രാമീണമേഖലയിലെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനകരമാകും. പൊൻകുന്നത്തുനിന്നും മണിമല - കോട്ടാങ്ങൽ - ചുങ്കപ്പാറ - തീയാടിക്കൽ - ചെറുകോൽ പുഴ വഴി കോഴഞ്ചേരിക്കും, കോട്ടയം - കറുകച്ചാൽ -വെള്ളാവൂർ - കടൂർക്കടവ് - ചുങ്കപ്പാറ - പൊന്തൻ പുഴവഴി എരുമേലിക്കും ബസ് സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. യാത്രാ ക്ലേശം രൂക്ഷമായ മേഖലകളിലെ വിദ്യാർഥികളും, ഉദ്യോഗസ്ഥരും, തൊഴിലാളികളും ഉൾപ്പെടെയുള്ള യാത്രക്കാർ കൃത്യസമയങ്ങളിൽ എത്തിപ്പെടാൻ ഏറെ ദുരിതം അനുഭവിക്കുകയാണ്.
ഒന്നിലധികം ബസുകൾ കയറി ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണിപ്പോൾ. പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ മണിമല വരെ സർവിസ് നടത്തുന്നുണ്ട്. നേരത്തെ ഇത് ചുങ്കപ്പാറ വരെയുണ്ടായിരുന്നതാണ്. പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തത് അനാസ്ഥകൊണ്ടാന്നെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എരുമേലി, റാന്നി, ഡിപ്പോകളിൽ നിരവധി പുതിയ ദീർഘദൂര ഷെഡ്യൂളുകൾ ആരംഭിച്ചെങ്കിലും ഗ്രാമീണ മേഖലകളെ പരിഗണിക്കുന്നില്ല.
മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. ഇതിൽ ചില സർവിസുകൾ എരുമേലിക്കും, കോട്ടാങ്ങൽ, മണിമല വഴി പൊൻകുന്നത്തിനും നീട്ടണമെന്ന ആവശ്യവും അധികൃതർ അവഗണിക്കുകയാന്നെന്നാണ് നാട്ടുകാരുടെ പരാതി. കെ. എസ്.ആർ.ടി.സി സർവിസ് നടത്തുന്നില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഇടപെട്ട് നടപടി ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.