വാനര വസൂരി: ജില്ലയിൽ അതീവ ജാഗ്രത നിർദേശം

പത്തനംതിട്ട: വാനര വസൂരിയുടെ പശ്ചാത്തലത്തില്‍ ജില്ലയിൽ അതീവ ജാഗ്രത നിർദേശം. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

വിമാന യാത്രയിൽ പത്തനംതിട്ട ജില്ലയിൽനിന്നുള്ളവരും സമ്പർക്ക പട്ടികയിൽ വന്നിട്ടുണ്ട്. അതിനാലാണ് ജില്ലയിലും അതീവ ജാഗ്രത നിർദേശമുള്ളത്. പ്രധാന ആശുപത്രികളിൽ ഐസൊലേഷൻ സജ്ജീകരിക്കാനും ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 12ന് വൈകീട്ട് അഞ്ചിനുള്ള ഷാർജ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് രോഗം ബാധിച്ച കൊല്ലം സ്വദേശി എത്തിയത്.

ആ വ്യക്തിയുടെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11പേരാണ് ഹൈ റിസ്ക് കോൺടാക്ട് പട്ടികയിൽ ഉൾപ്പെടുന്നത്. 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കോവിഡി‍െൻറ ഭീഷണി അകന്നപ്പോഴാണ് വാനര വസൂരി തലപൊക്കിയത്. ജനങ്ങളുടെയിടെ വലിയ ആശങ്കക്ക് ഇത് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശികൾക്കായിരുന്നു. ഇവർ സഞ്ചരിച്ച റൂട്ടുമാപ്പും പുറത്തുവിട്ടതോടെ ജനം പുറത്തിറങ്ങാതായി. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് വ്യാപിച്ചു.വൈറസ് ശരീരത്തിലെത്തി രോഗമായി മാറാൻ ആറുമുതൽ 13 ദിവസം വരെയെടുക്കും. പനിവന്ന് രണ്ടാഴ്ചക്കകം ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. ലക്ഷണങ്ങൾ രണ്ടുമുതൽ നാലാഴ്ച വരെ നീളും.  

Tags:    
News Summary - monkeypox: Extreme caution in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.