പത്തനംതിട്ട: ജില്ലയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചര്‍ച്ചാവിഷയമായി. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽനിന്നും ക്ഷണിക്കപ്പെട്ട ഇരുനൂറിലേറെപ്പേരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്.
ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കണമെന്നായിരുന്നു സാഹിത്യകാരൻ ബെന്യാമിന് ഉന്നയിച്ച ആവശ്യം. എം.സി റോഡിലെ പന്തളം വലിയ പാലത്തില്‍ നടപ്പാത ഇല്ലാത്തത് ശബരിമല സീസണിലടക്കം വലിയ ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും പരിഹാരമുണ്ടാക്കണമെന്നും ബെന്യാമിന് ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍നിന്ന് തെങ്കാശ്ശി വഴി ശബരിമലയിലേക്ക് എത്താൻ നിലവിലുള്ള 164 കിലോമീറ്റര്‍ 55 കിലോമീറ്ററായി ചുരുങ്ങുന്ന പുതിയ പാത ക്നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ത്രെവാനിയോസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പെരുമ്പട്ടി പട്ടയ പ്രശ്നം പരിഹരിക്കാനുള്ള നടപടി പരിഗണനയിലുണ്ടെന്നും റവന്യൂ- വനം വകുപ്പുകൾ സംയതുക്തമായി സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും വേള്‍ഡ് മിഷനറി ഇവാഞ്ചലിസം ഇന്റര്‍നാഷനല്‍ ചെയര്‍മാനും ഇന്റര്‍ പെന്തക്കോസ്തല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഒ.എം. രാജുകുട്ടി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പ്രവാസികളുള്ള ജില്ലയാണ് പത്തനംതിട്ടയെന്നും ഒറ്റപ്പെടുന്ന വയോധികരായ രക്ഷിതാക്കളുടെ ശാരീരിക-മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നായിരുന്നു ഓര്‍ത്തോഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നിർദേശം. പമ്പയിലും സാന്നിധാനത്തും 24 മണിക്കൂറും ഉണ്ടായിരുന്ന അന്നദാനം ഹൈകോടതി ഇടപെടലിനെത്തുടര്‍ന്നു നിര്ത്തിവെക്കേണ്ടിവന്നുവെന്നും ഇതു പുനഃസ്ഥാപിക്കൻ സര്‍ക്കാര്‍ ഇടപെടണമെന്നുമായിരുന്നു അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. ഹരിദാസന് നായരുടെ നിര്‍ദേശം.
ശ്രീനാരായണ സര്‍വകലാശാലയില്‍ നൂതന തൊഴിലധിഷ്ഠിധ കോഴ്സുകള്‍ തുടങ്ങണമെന്നായിരുന്നു എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ഡി. അനില്‍കുമാറിന്റെ ആവശ്യം. തീര്‍ഥാടനകേന്ദ്രമായ മഞ്ഞനിക്കരയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തണമെന്നായിരുന്നു യാക്കോബായ സഭ പ്രതിനിധിയായ ഫാ. എബി സ്റ്റീഫന്റെ ആവശ്യം. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റായ മന്ദിരം രവീന്ദ്രന് ആവശ്യപ്പെട്ടു.
സിമന്റ് ഉല്പാദന കമ്പനികളിലേക്കുള്ള ലെഗസി വേസ്റ്റുകള്‍ നീക്കം ചെയ്യാൻ കാലതാമസം നേരിടുന്നുണ്ടെന്നും ഇതിനു മന്ത്രിതലത്തില്‍ തന്നെ ഇടപെടലുണ്ടാകണമെന്നും അതുസംസ്ഥാനത്തെ മാലന്യനീക്കത്തെ ഫലപ്രദമായി സഹായിക്കുമെന്നും ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ വ്യവസായ നയം സ്വീകാര്യമാണെന്നും എന്നാല്‍, ജി.എസ്.ടി സമര്‍പ്പിക്കാന്‍ അഞ്ചോളം ലൈന്‍സുകള്‍ എടുക്കേണ്ടിവരുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധി സി.വി. മാത്യു പറഞ്ഞു.
കോഴിവളര്‍ത്തല്‍ രംഗത്ത് ഗുരുതര പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും പി.വി. ജയന് ചൂണ്ടിക്കാട്ടി. കോളജുകള്‍ക്ക് സ്കോളര്‍ഷിപ്പും പ്രോജക്ടുകളും കുറവാണെന്നും ഇതു പരിഹരിക്കാനുള്ള നടപടികള്‍ വേണമെന്നും കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് പറഞ്ഞു.
ജില്ലയെ ഇക്കോ ഫ്രൻഡ്ലി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നായിരുന്നു കാര്‍ട്ടൂണിസ്റ്റായ അഡ്വ. ജിതേഷിന്റെ നിര്‍ദേശം. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ദിശാബോധം നൽകാൻ പര്യാപ്തമാകുംവിധം ക്രിയാത്മകമായിരുന്നു ഈ സംവാദമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട: ഒന്നര വര്‍ഷത്തിനുള്ളില്‍ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തുന്ന നിയോജകമണ്ഡലമായി ആറന്മുള മാറുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 796.44 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആറന്മുള നിയോജക മണ്ഡലത്തില്‍ നടക്കുന്നത്. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആശ്വാസത്തോടെയും ചൂണ്ടിക്കാണിക്കാവുന്ന വികസനമാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ്. ഹൃദ്രോഗ ചികിത്സക്ക് കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യേണ്ടിയിരുന്ന ജനതക്ക് ഇന്ന് ചികിത്സ സൗകര്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭ്യമാണ്. കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ 30 കോടി രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താനും ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട: പ്രളയത്തിൽ തകർന്ന കേരളത്തെ കാരിരുമ്പിന്റെ കരുത്തോടെ പുനഃസൃഷ്ടിച്ചയാളിന്റെ പേരാണ് പിണറായി വിജയനെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. 2018ലെയും 2019ലെയും പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും കേരളം മറന്നിട്ടില്ല.
മനുഷ്യരെ മാത്രമല്ല മുഴുവൻ ജീവജാലങ്ങളെയും ചേർത്തുപിടിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് ജനസാഗരമായ ഈ മൈതാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ട: വൈജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ സ്വന്തമാക്കി അറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കുകയാണ് നവകേരള ലക്ഷ്യംവെക്കുന്നത്. പ്രതിഭാശാലിയായ വിദ്യാര്‍ഥികളുടെ കഴിവുകളെ കേരളത്തില്‍തന്നെ ഉപയോഗിക്കാന്‍ സാധിക്കണമെന്നതാണ് ലക്ഷ്യം- മന്ത്രി പി. രാജീവ് പറഞ്ഞു.
റാന്നി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ സംരംഭകരെ സൃഷ്ടിച്ച സർക്കാറാണ് എല്‍.ഡി.എഫിന്റേതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 1.4 ലക്ഷം സംരംഭമാണ് സൃഷ്ടിച്ചത്. ഇതില്‍ മൂന്നിലൊന്നും സ്ത്രീകളാണ്. കൃഷിക്കാരെ സംരക്ഷിക്കാൻ എഫ്.ബി.ഒകള്‍ക്ക് രൂപംനല്കി. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില കിട്ടാന്‍ തുടങ്ങിയതോടെ മേഖലയില്‍ മാറ്റം വരുത്താനായി. നവകേരള സദസ്സ് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷം കേന്ദ്രത്തിനു വേണ്ടിയാണ് വാദിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.