പത്തനംതിട്ട: നവകേരളത്തിന് തൊട്ടുപിന്നാലെ അടൂരിൽ സി.പി.എമ്മിൽ വെട്ടിനിരത്തൽ. തുടർച്ചയായി മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്ന മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
നവകേരള സദസ്സ് അടൂരിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് വിഭാഗീയത മറനീക്കിയത്. പള്ളിക്കൽ പഞ്ചായത്തിൽനിന്നുള്ള ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എസ്. രാജീവ്, ജി. കൃഷ്ണകുമാർ, പറക്കോട് സഹകരണ ബാങ്ക് ജീവനക്കാരനായ പോത്രാട് മധു എന്നിവർക്കാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
ഇവർ പഴയ വി.എസ് പക്ഷക്കാരാണ്. പാർട്ടി നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെതിരെ പ്രതികരിച്ചതാണ് നോട്ടീസ് ലഭിക്കാൻ കാരണമെന്നാണ് പറയുന്നത്. ഇവരെ ഒഴിവാക്കി രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ കമ്മിറ്റിയിൽ എടുക്കുകയാണ് ലക്ഷ്യം. ഏരിയ- ജില്ല നേതാക്കളുടെ ഒത്താശയോടെ അതിരൂക്ഷമായ മണ്ണെടുപ്പാണ് പള്ളിക്കൽ പഞ്ചായത്തിൽ നടക്കുന്നത്. ജില്ല നേതൃത്വം നേരിട്ട് ഇടപെട്ടതിനാൽ പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല.
പള്ളിക്കൽ പഞ്ചായത്തിൽനിന്നുള്ള അംഗങ്ങൾ വിഷയം ഏരിയ കമ്മിറ്റിയിൽ ഉന്നയിച്ചു. ഇത് ചർച്ചചെയ്യാൻ നേതൃത്വം തയാറായില്ല. പല കാരണങ്ങൾ പറഞ്ഞ് വിഷയം മാറ്റിവെക്കുകയായിരുന്നു. മണ്ണെടുപ്പിനെതിരെ നാട്ടിൽ പ്രതിഷേധം ശക്തമാണ്.
ഇതിൽ പ്രതിഷേധിച്ചാണ് വി.എസ് പക്ഷക്കാരായ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും തുടർച്ചയായി കമ്മിറ്റികളിൽനിന്ന് വിട്ടുനിൽക്കുന്നത്. നവകേരള സദസ്സിന്റെ അടൂരിലെ വിജയത്തിനായി ഇവരുടെ പങ്കാളിത്തവും ഉണ്ടായില്ല. മൂവരെയും പുറത്താക്കുന്നതിന്റെ പ്രാഥമിക നടപടിയാണ് നോട്ടീസ് നൽകൽ. അഡ്വ. എസ്. രാജീവ് ലോക്കൽ സെക്രട്ടറി കൂടിയായ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തേ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.