പന്തളം: തെൻറ ജീവിതത്തെ മാറ്റിമറിച്ചത് 2018യിലെ ശബരിമല പ്രക്ഷോഭമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിെൻറ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലയ്ക്കലിൽ സംഘടിപ്പിച്ച ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാൻ ഒരുവിഭാഗം ശ്രമിച്ചു. അതുകൊണ്ടാണ് പാർട്ടി പ്രസിഡൻറ് കൂടിയായ താൻ ഉപവാസസമരം പത്തനംതിട്ടക്ക് മാറ്റിയത്. തന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അത് ചെങ്ങന്നൂരിലുള്ള സുഹൃത്ത് മുഖേനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തോട് ബന്ധപ്പെട്ട് അസാധാരണമാം വിധം പ്രവർത്തിച്ചവരെ കാലം വേട്ടയാടുന്നുണ്ട്. മൂന്നുമാസം മുമ്പ് ശബരിമല പ്രക്ഷോഭ പ്രേരണ കുറ്റത്തിന് പറവൂർ കോടതിയിൽനിന്ന് തനിക്ക് സമൻസ് എത്തിയതായും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം ജോയൻറ് സെക്രട്ടറി സുരേഷ് വർമ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, കുളനട പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ജി. പ്യഥ്വിപാൽ സ്വാഗതവും വലിയകോയിക്കൽ സബ് ഗ്രൂപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ഗോപകുമാർ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിലെ രാഷ്ട്രീയ പ്രസംഗം അനുചിതം –ഡെപ്യൂട്ടി സ്പീക്കർ
പന്തളം: പന്തളം വലിയകോയിക്കൽ ശാസ്ത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ശബരിമല സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രസംഗം നടത്തിയത് ഉചിതമായില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഗവർണർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിൽക്കുമ്പോൾ സാംസ്കാരിക സമ്മേളനത്തിൽ അത്തരം പ്രശ്നങ്ങൾ ഉയർത്തുന്നത് ശരിയായ നിലപാട് ആണോ എന്ന് അദ്ദേഹം പരിശോധിക്കണം എന്നാണ് തെൻറ അഭിപ്രായമെന്നും ചിറ്റയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.