പന്തളം: മുട്ടാർ ഗ്രാമം ഉണർന്നത് അപകട വാർത്ത കേട്ട്. എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് മുട്ടാർ സ്വദേശി അഷറഫിന്റെ മരണവാർത്ത കേട്ടാണ് ബുധനാഴ്ച പുലർച്ച മുട്ടാർ ഗ്രാമം ഉണർന്നത്.
രാവിലെ മുട്ടാർ മുസ്ലിം പള്ളിയിൽ സുബഹി നമസ്കാരവും കഴിഞ്ഞ് മുളക്കുഴയിലെ കോഴി ഫാമിൽ ഇറച്ചിക്കോഴി വാങ്ങാൻ കാറിൽ പോകവെ പൊലീസ് വാഹനം ഇടിച്ചാണ് മുട്ടാർ തേവാലപ്പടിയിൽ എസ്.എസ് കോഴിക്കട നടത്തുന്ന പന്തളം, മങ്ങാരം തേവാലയിൽ പരേതനായ സുലൈമാൻ റാവുത്തരുടെ മകൻ ടി.എസ്. അഷറഫ് (55) മരണപ്പെട്ടത്.
കുളക്കട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കുസമീപമായിരുന്നു അപകടം. വർഷങ്ങളായി പ്രവാസിയായിരുന്നു അഷറഫ് പ്രവാസി ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ രണ്ടു വർഷമായി മുട്ടാർ ജങ്ഷനിൽ കോഴിക്കട നടത്തുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മുട്ടാർ മുസ്ലിം ജുമാമസ്ജിദിൽ ഖബറടക്കി.
പ്രഭാത പ്രാർഥന നടത്തിയ അതേ പള്ളിയിൽ വൈകീട്ട് മൂന്നരയോടെ മൃതദേഹം ഖബറടക്കേണ്ടി വന്നതും ഏറെ സങ്കടത്തോടുകൂടിയാണ് നാട്ടുകാർ ഉൾക്കൊണ്ടത്. എം.സി റോഡിൽ അപകടങ്ങൾക്ക് അറുതിയില്ല എന്നതാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്ന അപകട മരണങ്ങൾ.
തൃപ്പൂണിത്തറ എ.ആർ ക്യാമ്പിലെ അസി. കമാൻഡർ ഉൾപ്പെടെ നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. എം.സി റോഡിൽ അപകടങ്ങൾ നിത്യസംഭവമാണ്. അപകടത്തിൽപെട്ട പൊലീസ് വാഹനം കാലപ്പഴക്കം ചെന്നതാണെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.