പന്തളം: ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോയ ഓർമക്കുറവുള്ള വയോധികനെ കാണാതായെന്ന് ബന്ധുക്കൾ അറിയിച്ച് മണിക്കൂറിനകം പന്തളം പൊലീസ് കണ്ടെത്തി. പന്തളം പറന്തൽ ശങ്കരത്തിൽപടിയിൽ താമസിക്കുന്ന വിമുക്തഭടൻ കെ.ഒ. ജോർജിനെ (75) ചൊവ്വാഴ്ച ഉച്ചയോടെയാണ് കാണാതായത്. ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോയ ഇദ്ദേഹം അവിടെ എത്താതായപ്പോഴാണ് വഴിതെറ്റി എങ്ങോ പോയെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്.
ഉടൻ ഭാര്യ ലീലാമ്മയും മകൾ ലീനയും പന്തളം പൊലീസിൽ പരാതി നൽകി. ഒപ്പം ബന്ധുക്കളും വ്യാപകമായി അന്വേഷണം നടത്തി. പലവഴിക്കുള്ള തിരച്ചിൽ ഊർജിതമാക്കി ഒരു മണിക്കൂറിനകം വയോധികനെ പൊലീസ് കുരമ്പാലയിൽനിന്ന് കണ്ടെത്തി.
ഓട്ടോയിൽ നിന്നിറങ്ങി മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വയോധികന് വഴി തെറ്റുകയായിരുന്നു. വയോധികനെ പന്തളം സ്റ്റേഷനിൽ എത്തിച്ചശേഷം ഭാര്യയെയും മകളെയും വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിട്ടു.
പന്തളം എസ്.ഐമാരായ വിനോദ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. സി.പി.ഒമാരായ ബിജു, ഗണേഷ് ഗോപാൽ, അൻവർഷാ, അനിൽ, കൃഷ്ണനുണ്ണി, ഹോം ഗാർഡുകളായ അജയൻ, സതീഷ് കുമാർ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.