പന്തളം: പനിബാധിതരുടെ എണ്ണം കൂടുന്നത് പന്തളത്ത് ആശങ്കക്കിടയാക്കുന്നു. എച്ച് -വൺ എൻ- വൺ പനി ബാധിച്ച് പന്തളത്ത് ഒരാൾ മരിച്ചതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയായി പന്തളത്തെ സ്വകാര്യ ആശുപത്രികളിലും കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലുമായി പനിബാധിച്ച് നിരവധി പേരാണ് ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനി ബാധിതരുടെ ഇരട്ടിയാകും.
മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നത് സാധാരണയാണെങ്കിലും കാര്യമായ രീതിയിൽ മഴ ലഭിക്കുന്നതിന് മുമ്പുതന്നെ പനി പടരുന്നതിനെ ആരോഗ്യവകുപ്പും ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. പനി പെട്ടെന്ന് മാറുമെങ്കിലും പലർക്കും ചുമ വിട്ടുമാറുന്നില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ പലരും മാസ്ക് ധരിക്കൽ ഒഴിവാക്കി. ഇതും പനി വ്യാപിക്കാൻ പ്രധാന കാരണങ്ങളിലൊന്നാണ്.
പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖം, വൃക്കരോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പനിക്ക് സ്വയം ചികിത്സ നടത്താതെ ആശുപത്രിയിൽ ചികിത്സ തേടണം. പ്രതിരോധ ശേഷി കുറഞ്ഞവരും ആശുപത്രിയിൽ ചികിത്സ തേടണം. ഗർഭിണികളും പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്തരുത്.
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിെൻറ ഭാഷ്യം. മാറിമാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുന്നു.പനി ബാധിതരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുതൽ ഉണ്ടാകാമെന്ന് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു.
എന്നാൽ, പരിശോധനകൾ ഇല്ലാത്തത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ടു പനി മാറുന്നതിനാൽ ആരും പരിശോധന നടത്താനും തയാറാകുന്നില്ല.
മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡിൽനിന്ന് മാത്രമല്ല, വൈറൽ പനിയുൾപ്പെടെ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാൻ ഉപകരിക്കും. പനി ഉണ്ടെന്ന് തോന്നിയാൽ ഡോക്ടറുടെ സഹായം തേടണം. വ്യക്തി ശുചിത്വം പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുക് കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സ്കൂൾ തുറന്നതോടെ കുട്ടികൾക്കിടയിൽ വൈറൽപനി വ്യാപകമായി പടർന്നിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളെയാണ് വൈറൽ പനി കൂടുതലായി ബാധിക്കുന്നത്.പനി, ചുമ, ജലദോഷം എന്നിവയാണ് കുട്ടികളെ കാര്യമായി ബാധിക്കുന്നത്.സ്കൂളിൽനിന്ന് രോഗബാധിതരാകുന്ന കുട്ടികളിൽ നിന്ന് വീട്ടിലെ മുതിർന്നവരിലേക്കും രോഗം പടരുകയാണ്. ഉയർന്ന ഡിഗ്രിയിലുള്ള പനി, വിട്ടുമാറാത്ത ചുമ, മൂക്കൊലിപ്പ് എന്നിവയാണ് ഇവരിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ.
ഇൻഫ്ലുവൻസ, പാരാഇൻഫ്ലുവൻസ, എന്ററോ വൈറസുകൾ, റെസ്പിറേറ്ററി സിൻഫിഷ്യൽ വൈറസ് (ആർ.എസ്.വി), എച്ച്1എൻ1 തുടങ്ങി ഒട്ടേറെ രോഗാണുക്കൾ നിലനിൽക്കുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.കുട്ടികൾ ഒരു വൈറസ് ബാധയിൽനിന്ന് മുക്തി നേടുമ്പോഴേക്ക് വീണ്ടും ബാധിക്കുന്ന സ്ഥിതിവിശേഷമാണ്.പലർക്കും രോഗലക്ഷണങ്ങൾ സമാനമാണെങ്കിലും രോഗാവസ്ഥ വ്യത്യസ്തമാണ്. മുതിർന്ന കുട്ടികളെ അപേക്ഷിച്ച് ഇവരുടെ പ്രതിരോധശക്തി കുറവാണെന്നതും രോഗാവസ്ഥയെ സങ്കീർണമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.