പന്തളം: ആശങ്കയുടെ കൊടുമുടിയിലായിരുന്നു കുരമ്പാല ആതിരമല നിവാസികൾ. മഴയുടെ ആധിക്യം മൂലം ജില്ലയിലെ ഉയർന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ സാധ്യത പട്ടികയിൽ മുമ്പ് ഇടം പിടിച്ച സ്ഥലമാണ് കുരമ്പാല ആതിരമല.
2021 ഒക്ടോബറിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് കലക്ടറുടെ നിർദേശപ്രകാരം കുരമ്പാല ആതിരമലയുടെ പരിസരത്തിൽനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. അന്ന് ജില്ലയിലെ 44 ഉയർന്ന സ്ഥലങ്ങളിൽ ജാഗ്രത വേണമെന്ന ദുരന്തനിവാരണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു മലയുടെ സമീപത്തെന്നും നിരവധി കുടുംബങ്ങളെ മാറ്റി താമസിച്ചത്. പിന്നീട് പലതവണ ശക്തമായ മഴ ഉണ്ടാകുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നു സർക്കാർ നിർദേശം നൽകിയതുമാണ്. മുമ്പ് അവലോകന യോഗങ്ങൾ നടത്താറുണ്ടെങ്കിലും പിന്നീട് അതും ഇല്ലാതായി. 700ഓളം കുടുംബങ്ങൾ മലയിലും ചുറ്റുവട്ടത്തുമായി താമസിക്കുന്നുണ്ട്.
മുൻകരുതൽ നടപടി സ്വീകരിക്കേണ്ട പട്ടികയിൽ ആതിരമലയും ഉൾപ്പെട്ടതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ പക്ഷം. മഴ വർധിച്ചതും ഉയർന്ന സ്ഥലമെന്നതും പരിഗണിച്ചാണ് ഈ നിർദേശം. വ്യാജ പ്രചാരണം പാടില്ലെന്നും അനാവശ്യഭീതി പരത്തരുതെന്നും ദുരിതനിവാരണ സേന മേധാവികൾ പറഞ്ഞു.
മലയുടെ നാലുദിക്കുകളിലും വറ്റാത്ത നീരുറവയുണ്ട്. കൊടിയ വേനൽക്കാലത്ത് പോലും ആതിരമല നിവാസികളുടെ ദാഹമകറ്റുന്നതും ഈ നീരുറവകളാണ്. പാറക്കെട്ടുകളൊന്നുമില്ലാതെ ഒറ്റപ്പെട്ടതാണ് ആതിരമല. മലയുടെ ചുറ്റുമായി വല്ലാറ്റൂർ, കുറുമുറ്റത്ത്, മംഗലത്ത്, പീച്ചൻകോട്ട്, ഇടത്തറ ഏലാകളാണെന്ന പ്രത്യേകതയുമുണ്ട്.
പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചു മലയുടെ പല ഭാഗങ്ങളിലും മുമ്പ് മണ്ണെടുത്തിരുന്നു. പ്ലാവിള ഭാഗത്ത് മല തുരന്നു കോൺക്രീറ്റ് റോഡ് നിർമിച്ചത് അടുത്ത കാലത്താണ്. ഇക്കാര്യങ്ങളിൽ ശാസ്ത്രീയ പഠനം വേണമെന്നുമാണ് അവരുടെ ആവശ്യം.
സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലധികം ഉയരമുള്ള ആതിരമലയുടെ മുകളിൽനിന്നുള്ള കാഴ്ചഭംഗി വേറിട്ടതാണ്. ഡി.ടി.പി.സി ടൂറിസം പദ്ധതിക്കായി പരിഗണിക്കുന്നവയിൽ ആതിരമലയുമുണ്ട്. മലയുടെ ഏറ്റവും മുകളിലാണ് ആതിരമല ശിവപാർവതി ക്ഷേത്രം. മകരമാസത്തിലെ ഉത്സവനാളിൽ കെട്ടുകാഴ്ച ഉൾപ്പെടെ ഇവിടെ നടക്കുന്നു. നൂറുകണക്കിനാളുകൾ ആതിരമലയുടെ കാഴ്ചഭംഗി ആസ്വദിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.