പന്തളം: കാട്ടുപന്നിയെ തുരത്താൻ ഒരുക്കിയ കെണിയിൽ കർഷകർക്ക് ജീവൻ വെടിയേണ്ടി വന്നത് നാടിനെ സങ്കടക്കടലാക്കി. കാട്ടുപന്നി ഭീഷണി മറികടക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി കുരമ്പാലയിൽ രണ്ടു കർഷകർ ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞാണ് ചൊവ്വാഴ്ച രാവിലെ കുരമ്പാല ഗ്രാമം ഉണർന്നത്.
മുമ്പ് അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന ചന്ദ്രശേഖരനും ഗോപാലപിള്ളയും ദിവസവും പതിവുപോലെ പാടശേഖരത്തിൽ പോയതാണ്. എല്ലാദിവസവും വൈദ്യുതി ഓഫാക്കിയ ശേഷമാണ് പാടശേഖരത്തിൽ എത്താറുള്ളത്. ചൊവ്വാഴ്ച വൈദ്യുതി ഓഫാക്കാൻ മറന്നുപോയ ചന്ദ്രശേഖരൻ ആദ്യം പാടശേഖരത്തിൽ എത്തിയതോടെ ഷോക്കേറ്റ് വീഴുകയായിരുന്നു.
പാടശേഖരത്തിന്റെ വരമ്പിൽ വീണുകിടന്ന ചന്ദ്രശേഖരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഗോപാല പിള്ളയും അപകടത്തിൽപെട്ടത്. കുരമ്പാല വിപണിയിലെ മികച്ച കർഷകരാണ് ഇരുവരും. ഓണത്തിന് ആവശ്യമായ വാഴ കൃഷിയും മറ്റുമാണ് കൃഷി സ്ഥലത്ത് ഉണ്ടായിരുന്നത്.
ഇരുവരും മുമ്പ് അയൽവാസികൾ ആയിരുന്നു. സാമ്പത്തിക പരാധീനത കാരണം ഗോപാലപിള്ള വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് താമസം മാറ്റിയെങ്കിലും ചന്ദ്രശേഖരനുമായുള്ള ബന്ധം തുടരുകയും ഇരുവരും രാവിലെ കൃഷിപ്പണിക്ക് പാടശേഖരത്തിൽ പോകാറുള്ളത് പതിവായിരുന്നു.
കുരമ്പാല തോട്ടുകര പാലത്തിന് സമീപത്ത് കൃഷിഭൂമിയിൽ കൃഷി ചെയ്യാൻ ഇറങ്ങിയ കുരമ്പാല സ്വദേശികളായ അരുണോദയം വീട്ടിൽ ചന്ദ്രശേഖരൻ (65), പാറവിള കിഴക്കെത്തിൽ പി.ജി.ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം.
ചന്ദ്രശേഖരനാണ് ആദ്യം ഷോക്കേറ്റത്. ഇതുകണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോപാലപിള്ളക്ക് ഷോക്കേറ്റത്. കൃഷി ആവശ്യത്തിനായി എടുത്ത വൈദ്യുതി കണക്ഷനിൽനിന്നാണ് പന്നിയെ തുരത്താൻ കെണി വെച്ചത്. ഈ മേഖലകളിൽ
കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം രൂക്ഷമാണ്. വിവിധ പ്രദേശത്ത് കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ കഴിയാതെ കർഷകർ വലയുന്നു. കൂട്ടമായെത്തുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
കൃഷിയിടത്തിലെ ചേനയും ചേമ്പും വാഴയുമടക്കം നശിപ്പിക്കുന്നത് നിത്യസംഭവമാണ്. പച്ചക്കറിത്തോട്ടങ്ങളിലും കപ്പത്തോട്ടങ്ങളിലും പന്നിശല്യമുണ്ട്. ഫലമെടുക്കും മുമ്പ് വിളകൾ പന്നികൾ നശിപ്പിക്കുന്നതിനാൽ കൃഷി ചെയ്യാൻ കർഷകർ മടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.