പന്തളം: ഉപയോഗശൂന്യമായ നിരവധി ക്വാറികളാണ് പന്തളം നഗരസഭയുടെ പരിധിയിൽ വർഷങ്ങളായുള്ളത്. 11, 12, 13 വാർഡിലായി പ്രവർത്തനരഹിതമായ നാല് ക്വാറിയുണ്ട്.
ക്വാറികളിലെ ജലവും പരിസരവും പുനരുപയോഗിച്ച് അപകട സാധ്യത ഒഴിവാക്കാമെന്ന് ജിയോളജി വകുപ്പ് മുമ്പ് മുന്നറിയിപ്പ് നൽകിയതാണ്. പ്രവർത്തനരഹിതമായ പാറമടകളുടെ പുനരുപയോഗ സാധ്യത സംബന്ധിച്ച് പഠനം നടത്താൻ അതത് തദ്ദേശ സ്വയംഭരണ വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും സർക്കാർ നിയോഗിച്ചിരുന്നു.
എന്നാൽ, ആ തലത്തിൽ ഒരു പഠനവും നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. സദാസമയവും വെള്ളം നിറഞ്ഞുനിൽക്കുന്ന നല്ലൊരു ജലസ്രോതസ്സ് കൂടിയായ പാറമടകൾ പലയിടത്തും കാടുമൂടിക്കിടക്കുകയാണ്. ചില പാറമടകളിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. 50 അടി താഴ്ചയുള്ള ക്വാറിയിൽ 30 അടി ആഴം വരെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ക്വാറികളുടെ എണ്ണം ലഭ്യമല്ലെന്ന് ജിയോളജി മൈനിങ് വിഭാഗം
പാറമടയുടെ ആഴവും അതിലെ ജലത്തിന്റെ അളവും കണക്കാക്കിയാണ് പുനരുപയോഗ സാധ്യത കണക്കാക്കുന്നതെന്ന് സർക്കാർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മണ്ണിടിച്ചിൽ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കയർ ഭൂവസ്ത്രം ധരിപ്പിച്ചും വാറ്റ്പുൽ ഉൾപ്പെടെ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണിടിച്ചിൽ ഒഴിവാക്കാം. ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഒന്നും യാഥാർഥ്യമായില്ല. പാറമടക്ക് സമീപത്തെ ഏക്കർ കണക്കിന് നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
വിശാലമായ പാടശേഖരമുള്ള ഇവിടങ്ങളിൽ പൂർണമായും ഹരിത ഊർജത്തിലൂടെ വിവിധ പദ്ധതികൾ നടപ്പിലാക്കാനാകും. ജില്ല ജിയോളജി മൈനിങ് വിഭാഗം നിരവധി തവണ ഇവിടങ്ങൾ സന്ദർശിക്കാറുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാറില്ല. പ്രവർത്തനരഹിതമായ ക്വാറികളുടെ എണ്ണം ജിയോളജി വകുപ്പിൽ ലഭ്യമല്ലെന്നും അതുമായി ബന്ധപ്പെട്ട കണക്കുകൾ നഗരസഭ അധികൃതരിൽ നിന്നാണ് ലഭിക്കൂവെന്നുമാണ് ജിയോളജി-മൈനിങ് വിഭാഗം അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.