പന്തളം: നമ്പറില്ലാത്ത ബൈക്കുകളിൽ യുവാക്കളുടെ മത്സരയോട്ടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. എം.സി റോഡിലും ഗ്രാമീണ റോഡുകളിലും തലങ്ങും വിലങ്ങും ബൈക്കുകൾ പായുന്നു.
പൊലീസ്, മോട്ടോർ വാഹന വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് ഈ മരണക്കളി. ഒന്നരയാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങളാണ് നടന്നത്. പുലർച്ചയും രാത്രികളിലുമാണ് മത്സരസംഘങ്ങൾ ഏറെയും നിരത്തിലിറങ്ങുന്നത്. അടൂരിൽനിന്ന് പന്തളം വരെയും കുടശ്ശനാട്-പൂഴിയക്കാട് തുടങ്ങി സ്ഥലങ്ങളിലും മത്സരം പതിവാണ്. വാഹനങ്ങളിൽ കോളജിലെത്തുന്ന വിദ്യാർഥികളുടെ അഭ്യാസങ്ങൾ വേറെയും ഉണ്ട്.
പരിശോധനയെ മറികടക്കാൻ ഇടറോഡുകളിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അമിതവേഗം കാരണം പിടികൂടാനാകുന്നില്ലെന്ന് പൊലീസ് പറയുന്നു. ട്രാഫിക് നിരീക്ഷണ കാമറ സംവിധാനം ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി.
അമിതവേഗത്തിൽ ഓടിക്കുന്ന ബൈക്കുകൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം നേരത്തേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
ഇപ്പോൾ അതില്ല. പുലർച്ചയും രാത്രികളിലും മിന്നൽ പരിശോധനകൾ ശക്തമാക്കണമെന്നാണ് ആവശ്യം. ബൈക്ക് റേസ് നടത്തി അപകടം വരുത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നിയമപ്രകാരം കഴിയുമെങ്കിലും സമ്മർദത്തിനുവഴങ്ങി നടപടികൾ ലഘൂകരിക്കുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.