പന്തളം: അയ്യപ്പഭക്തരെ വരവേൽക്കാൻ പന്തളം ഒരുങ്ങി. അയ്യപ്പന്റെ ജന്മംകൊണ്ട് ശ്രദ്ധേയമായ പന്തളവും പന്തളം കൊട്ടാരവും ശരണം വിളിയുടെ കേന്ദ്രമാകും. ഒട്ടുമിക്ക ക്ഷേത്രങ്ങളെല്ലാം 41 ദിവസം നീളുന്ന മണ്ഡലച്ചിറപ്പ് ഉത്സവത്തിനു സജ്ജം. ശാസ്താംപാട്ടും ഭജനയും മറ്റു കലാപരിപാടികളും അരങ്ങുകളും സജീവമാക്കും. തൃക്കാർത്തിക ഉത്സവവും മണ്ഡലകാലത്താണ്. വിളക്കുതെളിച്ച് കാർഷിക പ്രദർശനം നടത്തിയുമാണ് മണ്ഡലച്ചിറപ്പ് ഉത്സവത്തിന് സമാപനം.
വിപണിയിലും ഉണർവ്
ഭക്തി നിറയുന്നതിനൊപ്പം മണ്ഡലകാലം വിപണിയെയും സജീവമാക്കും. പൂജാദ്രവ്യങ്ങളുടെ വിൽപന മുതൽ മുതൽ ടാക്സി സർവിസുകൾക്കു വരെ ഉണർവിന്റെ കാലമാണ്. വസ്ത്രശാലകളിൽ കൈലിമുണ്ട്, തോർത്ത്, തോൾസഞ്ചി എന്നിവക്കായി പ്രത്യേക കൗണ്ടർ തുടങ്ങി. ഇടത്താവളങ്ങളിലും പരിസരങ്ങളിലും ഭക്ഷണശാലകൾ തിരക്കിലാകും. ഉത്സവകാലത്തിന് തുടക്കമാകുന്നതിനാൽ കലാസമിതികൾക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് മണ്ഡലകാലം.
ഒരുങ്ങി കെ.എസ്.ആർ.ടി.സി; ഇടത്താവളങ്ങൾ സജ്ജം
അയ്യപ്പഭക്തർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും. ചില ഡിപ്പോകളിൽനിന്ന് ശനിയാഴ്ച സർവിസ് തുടങ്ങും. കൂടാതെ, ഭക്തർക്കായി പ്രത്യേക ചാർട്ടേഡ് സർവിസ് നടത്തും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് സേനയും കർമനിരതരാകും. മകരവിളക്ക് വരെ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായി പന്തളം മാറും. പൊലീസിന്റെ മൊബൈൽ പട്രോളിങ് ശക്തമാക്കും.
വൃശ്ചിക ചിറപ്പ് മഹോത്സവം
പന്തളം യക്ഷിവിളക്കാവിലെ വൃശ്ചിക ചിറപ്പ് മഹോത്സവം ശനിയാഴ്ച മുതൽ 12 വരെ നടക്കും. വൈകീട്ട് ആറിന് പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റ് പി. രാമവർമ രാജ ഉദ്ഘാടനം ചെയ്യും. യക്ഷി വിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.സി. വിജയമോഹനൻ അധ്യക്ഷത വഹിക്കും. എല്ലാ ദിവസവും വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച, ശരണംവിളി, പ്രസാദ വിതരണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.