പരിചയമില്ലാത്ത തീർഥാടകർ പന്തളത്തെത്തിയാൽ വട്ടംകറങ്ങിയതുതന്നെ, രാത്രിയായാൽ പന്തളം ജങ്ഷൻ ഏതെന്നറിയാൻ കഴിയാത്തത്ര കൂരിരുട്ടാണ്
പന്തളം: പരിചയമില്ലാത്ത തീർഥാടകർ പന്തളത്തെത്തിയാൽ വട്ടംകറങ്ങിയതുതന്നെ. പന്തളത്തുനിന്ന് പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കും ശബരിമലയിലേക്കും പോകേണ്ട വഴി അന്വേഷിച്ചാണ് ഇവരുടെ കറക്കം. രാത്രിയായാൽ പന്തളം ജങ്ഷൻ ഏതെന്നുതന്നെ അറിയാൻ കഴിയാത്തത്ര കൂരിരുട്ടാണ് പന്തളം ടൗണിൽ. വഴിയറിയാൻ ഒരു നല്ല ബോർഡുപോലുമില്ലാത്ത അവസ്ഥ.
പന്തളത്തുനിന്ന് എം.സി റോഡിലൂടെയെത്തുന്നവർ പന്തളം ജങ്ഷനിൽ നിന്ന് തിരിയാതെ നേരെ പോകുന്നത് ചെങ്ങന്നൂരിലേക്കോ അടൂരിലേക്കോ ആണ്. എരുമേലിയിലേക്ക് പോകുന്നത് എവിടെനിന്നാണെന്ന് കാണിക്കുന്ന വഴികാട്ടിയും ഇവിടെയില്ല. വഴികാണിക്കാനുള്ള ബോർഡ് സ്ഥാപിക്കാൻ സിഗ്നൽ ലൈറ്റിന്റെ തൂണിൽത്തന്നെ സൗകര്യമുണ്ടെങ്കിലും ഇത് പരസ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ജങ്ഷനിലൂടെ കടന്നുപോകുന്നവരും സിഗ്നൽ കാത്തുകിടക്കുന്ന വാഹനയാത്രക്കാരും പരസ്യ ബോർഡിൽ ശ്രദ്ധിക്കുന്നത് അപകടത്തിനും കാരണമാകും.
മണ്ഡലകാലം ആരംഭിക്കാൻ നാലുദിവസം മാത്രം
മണ്ഡലകാലം ആരംഭിക്കാൻ നാലു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പല റോഡുകളും നന്നാക്കിയെങ്കിലും പന്തളത്തുനിന്നുള്ള പ്രധാന റോഡുകളുടെ സ്ഥിതി പഴയതുതന്നെ. മൂടിയില്ലാത്ത ഓടയും ഓടക്കായി എടുത്ത കുഴിയും പണി പകുതിയായി കിടക്കുന്ന റോഡുകളും അപകടത്തിന് വഴിതെളിക്കും. ചെറിയ റോഡുകൾ മിക്കതും ടാറിങ് ഇളകിയും കോൺക്രീറ്റ് അടർന്നും തകർച്ചയിലാണ്. തുമ്പമൺ ഭാഗത്ത് ഒരു വശത്തെ ടാറിങ് ഇടിഞ്ഞ് താഴുന്നുമുണ്ട്.
വീതി കുറവുള്ള പന്തളം-പത്തനംതിട്ട റോഡിൽ രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാൻ തക്ക വീതി മാത്രമേയുള്ളു. റോഡിൽ നിന്നിറക്കിയാൽ കുഴിയിൽ പെട്ടതുതന്നെ. കാടുമൂടിക്കിടക്കുന്ന റോഡിനരികിലെ കുഴി തിരിച്ചറിയാൻകൂടി കഴിയുന്നില്ല. തുമ്പമൺ മുട്ടം മുതൽ കടക്കാട് പാലം വരെയുള്ള റോഡ് ഉയർത്തിയഭാഗം താഴേക്ക് ഇരുത്തി റോഡ് വിണ്ടുകീറിയത് നന്നാക്കിയിട്ടില്ല. റോഡിന്റെ ഒരുഭാഗത്ത് മാത്രമാണ് വിള്ളലും താഴ്ചയുമുള്ളത്.
പന്തളത്തുനിന്ന് കുളനട, ആറന്മുള വഴി എരുമേലിയിലേക്ക് പോകുന്ന തീർഥാടകരും ധാരാളമുണ്ട്. ഇവർക്ക് യാത്രചെയ്യേണ്ടത് കുളനട, ഉള്ളന്നൂർ, കിടങ്ങന്നൂർ വഴിയാണ്. ഈ റോഡും ടാറിങ് നിലവാരം മെച്ചപ്പെടുത്തിയതല്ലാതെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. അരിക് അടർന്നുപോയ ഭാഗം, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, വഴിവിളക്കുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഇവിടെയുമുണ്ട്.
പന്തളത്തെത്തുന്ന ശബരിമല തീർഥാടകർക്ക് പത്തനംതിട്ട വഴി പമ്പയിലേക്കെത്താൻ പ്രധാനമായും രണ്ട് വഴികളാണുള്ളത്. നരിയാപുരം, കൈപ്പട്ടൂർ വഴിയും കുളനട ഓമല്ലൂർ വഴിയും. രണ്ട് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയെന്നാണ് രേഖകൾ. ടാറിങ് പൂർത്തിയായതല്ലാതെ ബാക്കി പണികൾ ഇപ്പോഴും ബാക്കിയുണ്ട്.
തകർന്ന ഭാഗം നന്നാക്കൽ, കുടിവെള്ള പൈപ്പിനായി കുഴിയെടുത്ത റോഡരിക് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യൽ, മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കൽ തുടങ്ങി ചെയ്യാനുള്ള ജോലികൾ ധാരാളമാണ്.
പന്തളം: ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹോട്ടലുകളിൽ ഭക്ഷണ വില ഉയർത്താൻ നീക്കം. ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ അംഗത്വമുള്ള ഹോട്ടലുകളിൽ കഴിഞ്ഞ ഒന്നാം തീയതി മുതൽ വില ഉയർത്തിയിരുന്നു. ചായക്ക് പത്തിൽ നിന്ന് 12 രൂപയായി. തീർഥാടനം ആരംഭിക്കും മുമ്പ് കലക്ടർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഭക്ഷ്യ സുരക്ഷാ വകുപ്പും കടകളിൽ വില നിശ്ചയിച്ചുനൽകുന്നത് പതിവാണ്. സർക്കാർ നിശ്ചയിക്കുന്ന വില ഈടാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുന്നത് പതിവാണെങ്കിലും ഇക്കുറി ഹോട്ടൽ ഉടമകൾ നേരത്തെ വില പ്രഖ്യാപിച്ചതിനാൽ വ്യാപര മേഖലയിൽ ആരും ഇടപെടുന്ന അവസ്ഥയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.