പത്തനംതിട്ട: പത്തനംതിട്ട പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളായ പി. മോഹൻരാജ്, റെനീസ് മുഹമ്മദ് എന്നിവരുടെ പത്രികകൾ അംഗീകരിക്കാനും മത്സര അനുമതി നൽകാനും സഹകരണ വകുപ്പിനോട് ഹൈകോടതി നിർദേശിച്ചു.
പത്രിക തള്ളിയ വരണാധികാരിയുടെ നടപടി തള്ളിയാണ് ഹൈകോടതി ഉത്തരവ്. നിക്ഷേപ മണ്ഡലത്തിലെ സ്ഥാനാർഥികളായാണ് ഇരുവരും പത്രിക നൽകിയത്. ഇവരെടുത്ത വായ്പക്ക് ജാമ്യം നിന്നത് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരാണെന്ന കാരണത്താൽ വരണാധികാരി ഇരുവരുടെയും പത്രിക തള്ളിയിരുന്നു. ഇതേ തുടർന്നാണ് കെ.പി.സി.സി നിർവാഹക സമിതി അംഗംകൂടിയായ മോഹൻരാജിന്റെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് റെനീസ് മുഹമ്മദ്. വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന ബാങ്കാണിത്.
നിയമം അനുസരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വായ്പകൾക്ക് ജാമ്യം നിൽക്കാൻ തടസ്സമില്ലെന്നും സി.പി.എമ്മിന്റെ സമ്മർദത്തിനു വഴങ്ങിയാണ് പത്രിക തള്ളിയതെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. ഇവരുടെ പത്രിക തള്ളിയതിനെ തുടർന്ന് യു.ഡി.എഫ് പകരം സ്ഥാനാർഥികളെയും നിർത്തിയിരുന്നു. എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റ് അബ്ദുൽ ഹാരിസ്, സജീവ് ജോസഫ് മാത്യു എന്നിവർ പകരം സ്ഥാനാർഥികളായി നിക്ഷേപ മണ്ഡലത്തിൽ പത്രിക നൽകിയിരുന്നു.
മോഹൻരാജിന്റെയം റനീസിന്റെയും പേരുകൾ അംഗീകരിക്കപ്പെട്ടാൽ ബാലറ്റിൽ അബ്ദുൽ ഹാരിസ്, സജീവ് ജോസഫ് മാത്യു പേരുകൾകൂടി ഉണ്ടാകും. ഈമാസം 14ന് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ്.
വായ്പ മണ്ഡലത്തിൽ എട്ട്, വനിത സംവരണം മൂന്ന്, നിക്ഷേപ മണ്ഡലം ഒന്ന്, പട്ടികജാതി മണ്ഡലം ഒന്ന് എന്നിവ ഉൾപ്പെടെ 13 സീറ്റിലേക്കാണ് മത്സരം. ഇരുമുന്നണികളും മത്സര രംഗത്തുണ്ട്. കോഴഞ്ചേരി താലൂക്കാണ് ബാങ്കിന്റെ അധികാര പരിധി. 8458 വോട്ടർമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.