പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണസമിതിയിൽ വിമതസ്വരമുയർത്തിയിരുന്ന ബി.ജെ.പി മുൻ പാർലമെൻറ് പാർട്ടി ലീഡർ കെ.വി. പ്രഭയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രഭയുടെ നീക്കം ബി.ജെ.പിക്ക് ഭാവിയിൽ വെല്ലുവിളിയാകുമെങ്കിലും നിലവിലെ ചെയർപേഴ്സന് തൽക്കാലം ആഭ്യന്തര പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനാകും. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലുള്ള തെക്കൻ കേരളത്തിലെ ഏക നഗരസഭയാണ് പന്തളം.
തുടർച്ചയായി മൂന്ന് തവണ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചുവന്ന പ്രഭ ചെയർമാൻ സ്ഥാനത്തിന് അർഹനായിരുന്നു. പാർട്ടി സംസ്ഥാന ഘടകം ഇടപെട്ട് ചെയർമാൻ സ്ഥാനം തെറിപ്പിച്ചതോടെയാണ് വിമത സ്വരവുമായി കെ.വി പ്രഭ രംഗത്തുവന്നത്. പന്തളത്തെ ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് മാർത്തോമ സഭയുടെ പന്തളത്തെ നേതാവ് അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനാക്കാൻ നീക്കം നടത്തിയെങ്കിലും, ജനറൽ സീറ്റിൽ വനിതയായ സുശീല സന്തോഷിനെ ചെയർപേഴ്സനായി ബി.ജെ.പി എത്തിക്കുകയായിരുന്നു. അന്നുമുതൽ കെ.വി. പ്രഭ ബി.ജെ.പിയുടെ എല്ലാ നീക്കത്തെയും ശക്തമായി എതിർത്തു. ചെയർമാൻ ആക്കാത്തതിനെതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടായിരുന്നു കെ.വി. പ്രഭയുടെ രംഗപ്രവേശനം.
ഇത് ബി.ജെ.പി കേന്ദ്രങ്ങളിൽ ഏറെ ചർച്ചക്കിടയാക്കി, പിന്നീട് പാർട്ടി സംസ്ഥാന ഘടകം ഇതിൽ ഇടപെടുകയും വാഗ്ദാനങ്ങൾ നൽകി കൂടെ നിർത്തിവരികയുമായിരുന്നു. 2002ൽ നഗരസഭയുടെ കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൻ സുശീല സന്തോഷും, കെ.വി. പ്രഭയും തെറി വിളിക്കുന്ന വിഡിയോ പുറത്തായതോടെ ബി.ജെ.പിക്കുള്ളിൽ പന്തളത്ത് ആഭ്യന്തര കലഹം തുടരുകയും ചെയ്തു. നഗരസഭയിൽ ഭരണസമിതിയെടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കെ.വി. പ്രഭയും രണ്ട് ബി.ജെ.പി കൗൺസിലർമാരും ചേർന്ന് എതിർക്കുന്നത് സ്ഥിരം സംഭവമായി.
ഒടുവിൽ പന്തളത്തെ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് നഗരസഭയെടുത്ത തീരുമാനത്തെ പരസ്യമായി എതിർത്ത് രംഗത്ത് വന്നതോടെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.