പത്തനംതിട്ട: നഗരത്തിൽ കുടിവെള്ളം കിട്ടാതെ ജനം നരകിക്കുന്നു. വിവിധഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കടമ്മനിട്ട റോഡിൽ പണി നടക്കുന്നത് കാരണം ആഴ്ചകളായി പ്രദേശത്ത് വെള്ളം കിട്ടുന്നില്ല.
റോഡുപണിയെ തുടർന്ന് പൈപ്പ് പല ഭാഗത്തും പൊട്ടിയിട്ടുണ്ട്. നഗരത്തിൽ മിക്കയിടത്തും പൈപ്പ് ലൈനിൽകൂടി വെള്ളം കിട്ടുന്നില്ല. നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ഉപരോധവും ആരംഭിച്ചിട്ടുണ്ട്. പെരിങ്ങമ്മല, മേലെ വെട്ടിപ്രം, തൈക്കാവ് ഭാഗത്തും വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിൽ കൂടി മിക്ക ദിവസവും വെള്ളം കിട്ടാത്ത അവസ്ഥയാണ്. കല്ലറക്കടവിൽ അച്ചൻകോവിലാറ്റിൽ വെള്ളം കുറഞ്ഞത് പമ്പിങ് തടസ്സപ്പെടുന്നതിനും കാരണമാകുന്നു.
വള്ളിക്കോട്, പ്രമാടം, ഓമല്ലൂർ തുടങ്ങിയ സമീപ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. റോഡു പണിയും മറ്റും നഗരത്തിന്റെ പല ഭാഗത്തും ജനങ്ങൾ പൊടിതിന്നുകയാണ്. ഇതു മൂലം ഉണ്ടാകുന്ന അലർജിയും മറ്റ് അസുഖങ്ങള്ളും വയോധികരെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. വൈറൽ പനി വ്യാപകമാണ്. പനി വരുന്നവർക്ക് കടുത്ത തൊണ്ടവേദനയും, ശരീര ക്ഷീണവും അനുഭവപ്പെടുന്നു. ചുമ മാസങ്ങൾ തന്നെ നീളുന്നു. ഈനിലയിൽ ജനങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് കുടിവെളളം കിട്ടാതെ അലയേണ്ട അവസ്ഥയും.
എസ്.എസ്.എൽ.സി വിദ്യാർഥികളെയും കുടിവെള്ളക്ഷാമാം വല്ലാതെ കഷ്ടപ്പെടുത്തുന്നു. ഈ നിലയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും വിഷയത്തിൽ ഗൗരവപൂർവം ഇടപെടാനോ പരിഹാരം കണ്ടത്താനോ ജനപ്രതിധികളുടെ ഭാഗത്തുനിന്ന് ഒരുനീക്കവും ഉണ്ടാകാത്തതിൽ ജനങ്ങൾ നിരാശരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.