പത്തനംതിട്ട: ജില്ല പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഭരണകക്ഷിയായ സി.പി.എമ്മിൽനിന്ന് രൂക്ഷ വിമർശനം ഉയരുന്നു. ഭരണസമിതിയുടെ പ്രവർത്തനം മോശമാണെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് സി.പി.എമ്മിനെ ഞെട്ടിച്ച് പരസ്യ പ്രതികരണം വന്നിരിക്കുന്നത്. മുന്നാക്ക കോർപറേഷൻ മുൻ അംഗം എ.ജി. ഉണ്ണികൃഷ്ണനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്. ജില്ല പഞ്ചായത്ത് നേതൃത്വം സമ്പൂർണ പരാജയമാണെന്നും പദ്ധതി വിഹിതം വിനിയോഗിക്കുന്നതിൽ ജില്ല 14ആം സ്ഥാനത്താണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ബി.ജെ.പിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന ഉണ്ണികൃഷ്ണൻ ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുയായിരുന്നു. ഈ സമയത്താണ് മുന്നാക്ക വികസന കോർപറേഷൻ അംഗമായത്. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി ഏതാനം ദിവസങ്ങൾക്കുമുമ്പാണ് അവസാനിച്ചത്. അടുത്തിടെ സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കയാണ് ഉണ്ണികൃഷണൻ.

ഓമല്ലൂർ കേന്ദ്രമായി ശബരിഗിരി റീജനൽ സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയും ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജനേക്ഷമകരമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ജില്ല പഞ്ചായത്ത് ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ലെന്നാണ് മറ്റൊരു വിമർശനം. പ്രസിഡന്‍റിന്‍റെ ഏകാധിപത്യ ഭരണവും ഉദ്യോഗസ്ഥ ഭരണവുമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു. അരമീറ്റർ റോഡ് വെട്ടിയതും റോഡ്ടാർ ചെയ്തതും വെണ്ടക്ക കൃഷിയുടെ ഉദ്ഘാടനവും ഫ്ലക്സ്ബോർഡ് വഴി നാട്ടുകാരെ അറിയിക്കുകയാണ് ജില്ല പഞ്ചായത്തിന്‍റെ പ്രധാന പരിപാടി. കൂടാതെ ശിൽപശാലയും നെടുങ്കൻ പ്രസംഗവുമാണ് നടക്കുന്നത്. കുടിവെള്ളം നൽകുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജൽ ജീവൻ പദ്ധതി കടലാസിൽ മാത്രമായി ഒതുങ്ങി. ജനക്ഷേമ പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്ന് ചിന്തിക്കുന്നതിനുപകരം നിയമവും ചട്ടവും അനാവശ്യ തടസ്സങ്ങളും ഉന്നയിച്ച് നടപ്പാക്കാതിരിക്കാൻ പ്രസിഡന്‍റ് തടസ്സം നിൽക്കുകയാണെന്നും ആരോപിക്കുന്നു.

പാർട്ടിയിൽ തന്നെയുള്ള ചിലരുടെ ഒത്താശയോടെയാണ് ഉണ്ണികൃഷ്ണൻ ഈ കുറിപ്പ് ഇട്ടതെന്ന് സൂചനയുണ്ട്. ഇത്തവണത്തെ ജില്ല പഞ്ചായത്ത് ബജറ്റ് ആരെയും അറിയിക്കാതെ അവതരിപ്പിച്ചത് സംബന്ധിച്ച് വ്യാപക വിമർശനമുയർന്നിട്ടുണ്ട്. എല്ലാ ബജറ്റുകളും മുൻകൂട്ടി മാധ്യമങ്ങളെ അറിയിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. ബജറ്റിന്‍റെ അച്ചടിച്ച കോപ്പികൾ പോലും ആരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബജറ്റ് വിഷയാധിഷ്ഠിതമായി പണം നീക്കിവെക്കുന്നുവെന്നേയുള്ളൂ എന്നും പദ്ധതികൾ തയാറാക്കുന്നത് വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടാണെന്നും പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ പറയുന്നു. വാർഷിക പദ്ധതി തയാറാക്കി വികസന സെമിനാർ നടത്തുമെന്നും സെമിനാറിനുശേഷമെ അന്തിമ രൂപം പദ്ധതികൾക്ക് കൈവരികയുള്ളൂ എന്നും ശങ്കരൻ പറയുന്നു. ഇതിന് ഇനിയും രണ്ടുമാസം എടുക്കുമെന്നും അദ്ദേഹം പറയുന്നു. ജില്ല പഞ്ചായത്തിന്‍റെ പദ്ധതികളുടെ നടത്തിപ്പ് ഇനിയും രണ്ടുമാസം കഴിഞ്ഞേ തുടങ്ങുകയുള്ളൂ എന്നാണിതിൽനിന്ന് വ്യക്തമാകുന്നത്.

Tags:    
News Summary - Pathanamthitta District Panchayat Administration: Criticism of the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.