പത്തനംതിട്ട: നൂറുമേനി നെല്ല് വിളയിക്കാൻ ഒരുങ്ങി ജില്ലയിലെ പാടശേഖരങ്ങൾ. നെൽകൃഷി സജീവമാക്കാൻ കുട്ടനാട്ടിൽനിന്നും പരിചയസമ്പന്നരായ കർഷകരും എത്തിയിട്ടുണ്ട്. ഇത്തവണ 3514 ഹെക്ടറിലാണ് നെല്ല് വിതച്ചിരിക്കുന്നത്. ജ്യോതി, മണിരത്ന, ഉമ എന്നീ വിത്തുകളാണ് വിതച്ചിരിക്കുന്നത്. ജ്യോതി 100 മുതൽ 120 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാം. മണിരത്നം 90 ദിവസം, ഉമ 100 മുതൽ 120 ദിവസം എന്നിങ്ങനെയാണ് വിളവെടുപ്പ്.
അപ്പർ കുട്ടനാട്ടിൽ വരുന്ന തിരുവല്ല പെരിങ്ങര പഞ്ചായത്തിലാണ് കൂടുതൽ വിത നടന്നിട്ടുള്ളതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് കൃഷി. ഇത്തവണ കുട്ടനാടൻ നെൽകർഷകർ ജില്ലയുടെ പല ഭാഗങ്ങളിലും കൃഷിക്ക് തയാറായിട്ടുണ്ട്. ആറന്മുള പുഞ്ചയിൽ ഏറിയഭാഗവും ഏറ്റെടുത്തിരിക്കുന്നത് കുട്ടനാട്ടുകാരാണ്. കർഷകർക്ക് സബ്സിഡിയടക്കം ആവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് നൽകുന്നുണ്ട്.
നൂറുശതമാനം സബ്സിഡിയോടെയാണ് വിത്തിനങ്ങൾ എത്തിച്ചത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വിത്ത് വിതരണം. കൂലിച്ചെലവിന്റെ 50 ശതമാനവും സബ്സിഡിയായി നൽകും. വളം വാങ്ങിയതിന്റെ പണം കൃഷിഭവനിൽനിന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് അയക്കും. വീര്യം കുറഞ്ഞ ജൈവ കീടനാശിനി കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തളിക്കുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ നദികളിൽനിന്നും തോടുകളിൽ നിന്നും വെള്ളം പാടശേഖരത്തേക്ക് പമ്പ് ചെയ്യുന്നുണ്ട്.
ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ 74 ഹെക്ടർ പാടശേഖരത്ത് പമ്പാനദിയിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ആറന്മുള പുഞ്ചയിലെ പ്രധാന ജലസ്രോതസ്സായ പന്നിവേലിച്ചിറയിൽനിന്ന് വെള്ളം ഒഴുക്കിവിടേണ്ട തോടുകളുടെ സംരക്ഷണഭിത്തി തകർന്നത് നന്നാക്കിയിട്ടില്ല. വള്ളിക്കോട്, കൊടുമൺ പാടശേഖരങ്ങളിലും തോടുകളിൽനിന്ന് വെള്ളം എത്തിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ അനുഗ്രഹമായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.